CrimeNEWS

വെറുതെയിരുന്ന എന്നെ മാന്തി, സൂത്രധാരന്‍ ജോര്‍ജല്ല, തിമിംഗലങ്ങള്‍; സ്വപ്‌ന ശ്രമിക്കുന്നത് നിലനില്‍പ്പിനെന്നും സരിത

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

‘വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മനഃപ്പൂര്‍വം വന്നു ചാടിയതല്ല. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോള്‍ വെറുതെയിരുന്നാല്‍ ശരിയാവില്ലെന്ന് കരുതി.

എന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ല, നമ്മളൊന്നും കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി.സി. ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കാണുമെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണം എവിടെ നിന്ന് വന്നു എന്നതൊന്നും തനിക്കറിയില്ലെന്നും ഇവിടെ വന്നതിന് ശേഷം എന്ത് സംഭവിച്ചു എന്നത് ഞാന്‍ കണ്ടു പിടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പിസി ജോര്‍ജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. താന്‍ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്. വിവാദങ്ങളില്‍ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സരിത പറഞ്ഞു.

ചിലരെ രക്ഷപ്പെടുത്താന്‍ മറ്റ് ചിലരെ ഉപയോഗിക്കുകയാണ് സ്വപ്നയെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയപ്രേരിതം മാത്രമല്ല, സ്വപ്ന നിലനില്‍പ്പിനായാണ് ശ്രമിക്കുന്നത്. സാധാരണ നിലയ്ക്ക് ഒരു സ്ത്രീയെ കൊണ്ട് സാധിക്കുന്ന കാര്യമല്ല അവര്‍ക്ക് മുന്നിലുള്ളത്. അതിനാല്‍ കൂടുതല്‍ സുരക്ഷിതമെന്ന് തോന്നിയ വഴി അവര്‍ തെരഞ്ഞെടുത്തിരിക്കാം. അവര്‍ക്ക് മുന്നിലുള്ള രണ്ട് ഉപായങ്ങളിലൊന്ന് അവര്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.

തന്നെ സമീപിച്ചത് പിസി ജോര്‍ജ്ജാണ്. വരും ദിവസങ്ങളില്‍ സത്യാവസ്ഥ മനസിലാകും. 2015 തൊട്ട് തുടങ്ങിയ സംഭവമാണ്. ചെറിയ സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പുറകില്‍. പണം കൊടുത്ത് വാങ്ങിയ സാധനം കിട്ടാതിരുന്നാല്‍ ആളുകള്‍ ചോദിക്കില്ലേ, അതാണിതും. അന്താരാഷ്ട്ര ശാഖകള്‍ വരെയുള്ള സംഘമാണ് ഇതിനെല്ലാം പിന്നില്‍. ഇത് രാജ്യദ്രോഹമാണെങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെന്നും സരിത പറഞ്ഞു.

Back to top button
error: