ഇടുക്കി കളക്ടറുടെ വാഹനം തടഞ്ഞു; നാല്‍ക്കാലി സംഘം കസ്റ്റഡിയില്‍

പിഴയടച്ച് ഉടമകള്‍

ഇടുക്കി: കളക്ടറുടെ വാഹനം തടഞ്ഞ നാല്‍ക്കാലിസംഘത്തെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതര്‍. മൂന്നാറിലാണ് സംഭവം. മൂന്നാര്‍ ടൗണില്‍ നിരവധി പശുക്കളാണ് ഗതാഗത തടസ്സം സ്യഷ്ടിച്ച് അലഞ്ഞുനടക്കുന്നത്. ഇത്തരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച് പഴയമൂന്നാറില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ പശുക്കള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ വാഹനത്തിനുമുന്നില്‍ ചെന്നുചാടുകയായിരുന്നു.

ഇതോടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയ കളക്ടറുടെ വാഹനം വഴിയില്‍ കുടുങ്ങി. എതിര്‍ദിശയില്‍ നിന്ന് എത്തിയ മറ്റ് വാഹനങ്ങള്‍ ശബ്ദം മുഴക്കി കാലികളെ മാറ്റിയതോടെയാണ് കളക്ടര്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്. സംഭവം ബന്ധപ്പെട്ടവരെ ഓഫീസ് അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് തടസ്സം സ്യഷ്ടിച്ച പശുക്കളെ പഞ്ചായത്ത് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത്.

ഉച്ചയോടെ എത്തിയ ഉടമകള്‍ പിഴ ഒടുക്കി നിരത്തില്‍ ഇറക്കിവിടില്ലെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് കാലികളെ പഞ്ചായത്ത് അധികൃതര്‍ വിട്ടത്. മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ പശുക്കള്‍ ടൗണില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കുന്നത് പതിവാണ് .എന്നാല്‍ ഇത്തരത്തില്‍ പശുക്കളെ അഴിച്ചുവിടുന്ന ആളുകള്‍ക്കെതിരെ ആരും നടപടികള്‍ സ്വീകരിക്കാറില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version