KeralaNEWS

ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി

ലൈംഗികമായി അതിക്രമിച്ചെന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി ഏതെങ്കിലും തരത്തില്‍ തടവിലായിരുന്നില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശമയച്ചിരുന്നു. ഇര എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്.

കൊച്ചി: തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍െ്‌റ ജാമ്യഹര്‍ജി പരിഗണിക്കവെയവയായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ഒരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണമെന്നും അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി.

വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

വിജയ് ബാബു വിവാഹിതനാണെന്നും ഒരു കുഞ്ഞുള്ള കാര്യം കണക്കിലെടുത്ത് അതില്‍ നിന്നും മാറാനിടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു. വിവാഹിതനായതിനാല്‍ നിയമ പ്രകാരം മറ്റൊരു വിവാഹം സാധ്യമല്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു. ലൈംഗികമായി അതിക്രമിച്ചെന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി ഏതെങ്കിലും തരത്തില്‍ തടവിലായിരുന്നില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശമയച്ചിരുന്നു. ഇര എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മായ്ച്ച് കളഞ്ഞ വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ ഇതിലൂടെ തിരിച്ചെടുക്കും.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയ വിനിമയത്തില്‍ എവിടെയും ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുന്നില്ല.ഹര്‍ജിക്കാരന്റെ പുതിയ സിനിമയില്‍ താനല്ല നായികയെന്ന് ഇര അറിയുന്നത് ഏപ്രില്‍ 15ാം തിയതിയാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17 ന് ഇര വിജയ് ബാബുവിനോട് ദേഷ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് 2018 ല്‍ പരാതി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് വാദിച്ചു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പരാതി പിന്‍വലിക്കുകയായിരുന്നെന്ന് കോടതി വിലയിരുത്തി.

Back to top button
error: