CrimeNEWS

പട്ടിണിപ്പാവങ്ങളെ കൊള്ളയടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ഇടുക്കി: പട്ടിണിപ്പാവങ്ങളായ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുമളി ആനവിലാസം പുവേഴ്സ് ഭവനില്‍ ജയകുമാര്‍ എന്ന കുമാര്‍ (38) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കുമളി, വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ മോഷണ പരമ്പരകള്‍ നടത്തി വന്നത്. മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറുള്ളത്. വണ്ടന്‍മേട് കറുവാക്കുളം, മാലി എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് ഇയാള്‍ അടുത്തിടെ പണം മോഷ്ടിച്ചിരുന്നു.

വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് പണം അപഹരിച്ചതിനെ തുടര്‍ന്ന് വണ്ടന്‍മേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ, ജയകുമാര്‍ മാലിയില്‍ നടത്തിയ മോഷണത്തിന്‍െ്‌റ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഈ സിസി ടിവി ദൃശ്യങ്ങളിലെ ഫോട്ടോ എല്ലാ എസ്റ്റേറ്റുകളിലും നല്‍കുകയും ചെയ്തു. പാമ്പുപാറ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രതി എത്തിയപ്പോള്‍ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്റെ നേത്യത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

കുമളി സ്റ്റേഷന്‍ പരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് നിരവധി മോഷണം നടത്തിയിരുന്നു. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്.

Back to top button
error: