സിഡിഎം ഇടപാട് തീരും മുമ്പ് പോയി; യുവാവിന് നഷ്ടമായത് 60,000 രൂപ

മലപ്പുറം: സിഡിഎം ഉപയോ​ഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി.

എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ലെന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധിക്കാതെ യുവാവ് സ്ഥലംവിടുകയും ചെയ്തു. പിന്നാലെ പണം എടുക്കാന്‍ എത്തിയ ആള്‍ക്ക് ഈ തുക ലഭിച്ചു. പിന്നീട് തുക അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായ യുവാവ് തിരികെ സിഡിഎമ്മില്‍ എത്തിയപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.

ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തുക മറ്റൊരു യുവാവ് എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണമെടുത്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പണം നിക്ഷേപിക്കാന്‍ എത്തുന്നവര്‍ മെഷീനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version