ഫിഫ്റ്റി- ഫിഫ്റ്റി: ഒരുകോടി ഈരാറ്റുപേട്ടയിലെ മത്സ്യ വ്യാപാരിക്ക്

കോട്ടയം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഞായറാഴ്ചത്തെ ഫിഫ്റ്റി- ഫിഫ്റ്റിഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മത്സ്യ വ്യാപാരിക്ക്. ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ നാസറിനെ തേടിയാണ് ഒരു കോടി എത്തിയത്. ശനിയാഴ്ചയാണ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയില്‍ നിന്നും നാസര്‍ സമ്മാനാര്‍ഹമായ എഫ്.വൈ. 220008 എന്ന ടിക്കറ്റ് എടുത്തത്.

പിറ്റേദിവസം ലോട്ടറി ഫലം വന്നപ്പോള്‍ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. ടിക്കറ്റ് ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു. മുമ്പ് 25000 രൂപ വരെ നാസറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. നടക്കല്‍ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിലാണ് നാസറും മക്കളും മത്സ്യവ്യാപാരം നടത്തുന്നത്. കടബാദ്ധ്യതകള്‍ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. റംലയാണ് ഭാര്യ. നവാസ്, നഹാസ് എന്നിവരാണ് മക്കള്‍.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗര്‍ണമി എന്ന പേരില്‍ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരില്‍ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version