ആക്ഷന്‍ ഹീറോ ബിജുവിന് വീണ്ടും നിയമനം: രണ്ടാം ഭാഗം ഉടനെന്ന് പോളി പിക്‌ചേഴ്‌സ്

നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്.

2016-ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കും ആഹ്ലാദത്തിന് വകനല്‍കുന്നു.

ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനിലെ കാഴ്ചകള്‍ക്കൊപ്പം നര്‍മമുഹൂര്‍ത്തങ്ങളുടെ മികവ് ആക്ഷന്‍ ഹീറോ ബിജുവിന് ഇപ്പോഴും നിത്യയൗവനം നല്‍കുന്നു. ആദ്യഭാഗത്തെ പ്രകടനം മറികടക്കുന്ന നിവിന്‍െ്‌റയും സംഘത്തിന്‍െ്‌റയും വരവിനായുള്ള പ്രതീക്ഷയിലാകും ഇനി ആരാധകര്‍.

 


താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ലിസ്റ്റിലെ മറ്റുസിനിമകള്‍. അടുത്തമാസം 22-നാണ് നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെ മഹാവീര്യര്‍ പുറത്തിറങ്ങുന്നത്. ആസിഫ് അലി, ലാല്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version