KeralaNEWS

നീണ്ടകര താലൂക്കാശുപത്രിയിലെ മര്‍ദനം: പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ നഴ്സിനും ഡോക്ടര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിഞ്ഞ മൂന്നു പ്രതികളെയും ചവറ പോലീസ് പിടികൂടുകയായിരുന്നു.

നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് നേരെ ഇന്നലെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരുക്കേറ്റ ഡോക്ടര്‍ പറയുന്നു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് കെ ജി എം ഒ എ പറയുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്‌കരിച്ച് നടത്തിയ സമരം പ്രതികള്‍ പിടിയിലായതോടെ പിന്‍വലിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Back to top button
error: