സാഹസികര്‍ക്ക് സ്വാഗതം: കയാക്കിങ് റാഫ്റ്റിങ് സൗകര്യങ്ങളൊരുക്കി ടൂറിസം വകുപ്പ്

വയനാട്: സാഹസിക വിനോദസഞ്ചാരം കുറവായ വയനാട്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കയാക്കിങ്ങും റിവര്‍ റാഫ്റ്റിങ്ങുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനും ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങുമാണ് ഡി.ടി.പി.സി. ലക്ഷ്യമിടുന്നത്്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു.

ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്.

ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.

രണ്ടുപേര്‍ക്ക് തുഴഞ്ഞുപോകാന്‍ കഴിയുന്ന കയാക്കില്‍ സഞ്ചാരികളെ വിട്ടാല്‍ സുരക്ഷാസംവിധാനങ്ങളും മറ്റുമായി നീന്തല്‍വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ സഞ്ചാരികളെ അനുഗമിക്കും. കര്‍ലാട്, പൂക്കോട് തടാകങ്ങളില്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള കയാക്കിങ്ങിന് മുന്നൂറുരൂപയാണ് ഇപ്പോള്‍ സഞ്ചാരികളില്‍നിന്നും ഈടാക്കുന്നത്.

റിവര്‍ റാഫ്റ്റിങ്ങിന് മുമ്പും പദ്ധതിയിട്ടിരുന്നെങ്കിലും പ്രളയം വിനോദസഞ്ചാരമേഖലയ്ക്കും തിരിച്ചടിയായതോടെ ഈ പദ്ധതി താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. ഇത് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ഡി.ടി.പി.സി. നടത്തുന്നുണ്ട്. കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നതോടെ കയാക്കിങ്ങിനൊപ്പം റിവര്‍ റാഫ്റ്റിങ്ങും തുടങ്ങാനാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ശ്രമിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version