ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി, പക്ഷേ ആരും കണ്ടില്ല, ഒടുവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രഖ്യാപനം; ”പൊലീസ് ജീവിക്കാനനുവദിക്കുന്നില്ല, തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നു…” സംഭവം ഹിറ്റ്…

കാസര്‍കോട്: പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.  സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. രാവിലെ പത്തോടെയാണ് പാലക്കുന്ന് സ്വദേശി ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്.

കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ കൂട്ടം ചേര്‍ന്നു. പൊലിസെത്തി. പിന്നാലെ ഫയര്‍ഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍. ഷൈജുവിന്‍റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാന്‍ തയ്യാറല്ലായിരുന്നു. പൊലീസ് നേരിട്ടും, വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യര്‍ത്ഥന. എടിഎം കൗണ്ടര്‍ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകള്‍ ഉള്ളയാളാണ് ഷൈജുവെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു.

ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന‍് തയ്യാറെന്ന നിലപാടിലെത്തി ഷൈജു. നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അവസാനം സ്വമേധയാ താഴെ ഇറങ്ങി. ഒടുവില്‍ പൊലീസിനോപ്പം ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക്. പൊതുജനങ്ങള്‍ക്ക് ബുധിമുട്ട് സൃഷ്ടിച്ചതിന് ഷൈജുവിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version