KeralaNEWS

മൂന്ന് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 10 ലേറെ പേർക്ക്, വാളകത്ത് ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്

കൊച്ചി: എ‍ർണാകുളം വാളകത്ത് തെരുവുനായയുടെ അക്രമം രൂക്ഷമാകുന്നതായി പരാതി. മുന്നു ദിവസത്തിനിടെ പത്തിലധികം ആളുകള്‍ക്ക് നായയുടെ കടിയേറ്റതോടെ പഞ്ചായത്ത് ജാഗ്രതാ നിർദ്ദേശം നല്‍കി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

നാലാം ക്ലാസുകാരന്‍ ആദിദേവിനെ പോലെ റാക്കാട്, കടാതി എന്നിവിടങ്ങളിലെ നിരവധി പേരാണ് രണ്ടു ദിവസത്തിനുള്ളില്‍ തെരുവാനായയുടെ അക്രമിത്തിനിരയായത്. തൊഴിലുറപ്പ് ജോലി കഴി‍ഞ്ഞ് തിരികെ വരുന്നതിനിടെ, ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, കാല്‍നട യാത്രക്കിടെ ഇങ്ങനെ പല സമയങ്ങളില്‍ പലയിടത്തായി നായകള്‍ അക്രമം നടത്തുന്നു.

കടിയേറ്റ മിക്കവരും ഇപ്പോള്‍ ചികില്‍സയിലാണ്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ വെറുതെ വിടുന്നില്ല. ആടും പശുവുമടക്കം ഒമ്പത് മൃഗങ്ങള്‍ക്കാണ് ഇതിനോടകം കടിയേറ്റത്. പ‍തിഞ്ഞിരുന്ന് അക്രമിക്കുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ പോലുമാകുന്നില്ല എല്ലായിടത്തും ആക്രമിക്കുന്നത് ഒരെ നായ ആണോയെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.

നായകളെ പേടിച്ച് നാട്ടുകാര്‍ ഇപ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നുപോലുമില്ല. പേ പിടിച്ച നായകള്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് വാളകം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അതെസമയം അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണണെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: