KeralaNEWS

‘സ്വപ്‌നമൊഴിയില്‍’ കുരുങ്ങി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം തെറിച്ച എം ആര്‍ അജിത് കുമാറിന് പുതിയ നിയമനം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ സിവില്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ എഡിജിപിയെന്ന തസ്തികയില്‍ നിയമിച്ച് സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍നിന്നു നീക്കിയത്.

വിജിലന്‍സില്‍ നിന്നും മാറ്റിയെങ്കിലും പുതിയ തസ്തിക ഇതേ വരെ നല്‍കിയിരുന്നില്ല. അപ്രധാന തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്. പുതിയ വിജിലന്‍സ് ഡയറക്ടറെ ഇതേ വരെ നിയമിച്ചിട്ടില്ല. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.

ഷാജ് കിരണുമായി അജിത് ഫോണില്‍ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നല്‍കാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയത്. അജിത് കുമാറും ഷാജ് കിരണും തമ്മില്‍ സംസാരിച്ചതായി സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവില്‍ കാരണം പറഞ്ഞിരുന്നില്ല.

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍, ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ആരോപണങ്ങള്‍ ഉയര്‍ന്നത് കൊണ്ടാണ് വിജിലന്‍സ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

Back to top button
error: