സര്‍ക്കാരിനെ വീഴ്ത്താന്‍ ഷിന്‍ഡെ; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്: തന്ത്രങ്ങള്‍ മാറിമറിഞ്ഞ് മഹാരാഷ്ട്ര

മുംബൈ: 20 ശിവസേനാ എം.എല്‍.എമാരുമായി മന്ത്രി ഏകനാഥ് ഷിന്‍ഡെ ഗുജറാത്തിലേക്കു കടന്നതിനു പിന്നാല രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്ര ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്്. ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാരുമായി ഷിന്‍ഡെ കടന്നതോടെ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ഷിന്‍ഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പ്.

രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണകക്ഷിയായ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 288 അംഗ നിയമസഭയില്‍ 165 എംഎല്‍എമാരാണ് സഖ്യത്തിനുള്ളത്. യോഗത്തില്‍ ശിവസേനയുടെ 15 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. 56 എംഎല്‍എമാരാണ് സേനയ്ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്നാണ് മുതിര്‍ന്ന സേനാനേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് 10 എംഎല്‍എമാരും കൂറുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവസേനയുടെ മുഖമായ ഏക്നാഥ് ഷിന്‍ഡെ പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെയ്ക്ക് പരാതി ഉന്നയിച്ചിരുന്നു. ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിന്‍ഡെയെയും എംഎല്‍എമാരെയും കാണാതായത്. അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ താന്‍ ശിവസൈനികനായി തുടരുമെന്ന് ഷിന്‍ഡെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാനായി അദ്ദേഹത്തിന് ശിവസേന ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി ബിജെപി-ശിവസേന കൂട്ടുകക്ഷി സര്‍ക്കാരിനെ വാഴിക്കാനാണ് ഷിന്‍ഡെയുടെ നീക്കങ്ങളെന്നാണ് സൂചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version