ചുവപ്പുകണ്ടിട്ടും നില്‍ക്കാതെ ആന പാഞ്ഞു; ഡ്രൈവറുടെ ലൈസന്‍സ് തെറിപ്പിച്ച് എംവിഡി!

ആലപ്പുഴ: ട്രാഫിക്കിലെ ചുവന്ന സിഗ്നല്‍ ലൈറ്റ് ലംഘിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. സിഗ്‌നല്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ ദേശീയപാതയിലൂടെ ബസ് ഓടിക്കുകയും ചെയ്ത ചേര്‍ത്തല – മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവര്‍ സുനില്‍കുമാറിന് എതിരെയാണ് നടപടി.

ഡ്രൈവറുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചു. ഇയാളുടെ ലൈസന്‍സ് ഓഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റിയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്സുരക്ഷാ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് നടപടിക്കാധാരമായ സംഭവം. ചേര്‍ത്തല – മാനന്തവാടി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ആലുവ പുളിഞ്ചോട് സിഗ്‌നലില്‍ ചുവപ്പ് സിഗ്‌നല്‍ കത്തിനില്‍ക്കേ സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി സര്‍വീസ് റോഡിലൂടെ പുളിഞ്ചോട് കവലയില്‍നിന്നും ആലുവ റോഡിന് കുറുകെ പ്രവേശിക്കുകയും തിരികെ വലത്തേക്കുതിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതു കണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റിനിര്‍ത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബസിന് സമീപത്തേക്ക് നീങ്ങിി. എന്നാല്‍ ഇതിനിടെ ബസ് മുന്നോട്ട് എടുത്ത ഡ്രൈവര്‍ വാഹനം ഓടിച്ചു പോകുകയും ചെയ്തു. തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ എത്തി. ഇവിടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version