KeralaNEWS

പരീക്ഷയെഴുതി മടങ്ങിയ ശ്രീജിത്ത്… യാത്രപോയ അജില്‍… മരണവേദനയില്‍ ഉള്ളുലഞ്ഞൊരു വിദ്യാലയം

കോട്ടായി: പ്രിയപ്പെട്ട രണ്ടു വിദ്യാര്‍ഥികളുടെ മരണത്തില്‍ ഞെട്ടി കോട്ടായി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അജില്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീജിത്ത് എന്നിവരുടെ മരണവാര്‍ത്തയാണ് തിങ്കളാഴ്ച സ്‌കൂളിനെ ഞെട്ടിച്ചത്.

ധോണിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ അജിലിന്റെ മരണവാര്‍ത്ത തിങ്കളാഴ്ച രാവിലെ അറിഞ്ഞപ്പോള്‍ ഇരട്ട പ്രഹരമായി ഉച്ചകഴിഞ്ഞ് വറോട് മേലേവീട് ശൈലം ഗ്രാമത്തില്‍ ശ്രീജിത്തിന്റെ (16) മരണവാര്‍ത്തയെത്തുകയായിരുന്നു. അംഗപരിമിതിയുള്ള ശ്രീജിത്ത് തിങ്കളാഴ്ച ക്ലാസില്‍ വന്ന് ഉച്ചവരെ പരീക്ഷയെഴുതി തിരികെപ്പോയതായി അധ്യാപകര്‍ പറഞ്ഞു.

വീട്ടിലെത്തിയ ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് ശ്രീജിത്ത്. അച്ഛന്‍: മുരുകന്‍. അമ്മ: ശാന്ത. സഹോദരി: ശ്രീജ.

പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മണ്ണാരമ്പറ്റ വീട്ടില്‍ സുരേഷിന്റെ മകനാണ് വെള്ളിച്ചാട്ടത്തില്‍ മരിച്ച അജില്‍ (17). കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അജിലടക്കമുള്ള പത്തുപേരുടെ സംഘം ഗൈഡുകളുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നെന്ന് വനപാലകര്‍ പറയുന്നു. വഴുക്കേറിയ പാറയിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍തെന്നി പാറയിടുക്കില്‍ വീണാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഇരുട്ടും വെള്ളത്തിന്റെ ഒഴുക്കും വന്യമൃഗശല്യവും കാരണം അന്വേഷണം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാട് അഗ്നിരക്ഷാസേനയും ജില്ലാ സിവില്‍ ഡിഫന്‍സ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: