KeralaNEWS

യാത്രാക്ലേശത്തില്‍ വലഞ്ഞ് വിദ്യാര്‍ഥികള്‍; കുട്ടനാട്ടില്‍ ബോട്ട് സര്‍വീസുകള്‍ ചുരുങ്ങുന്നു

എടത്വാ: കുട്ടനാട്ടില്‍ ബോട്ടുകള്‍ സര്‍വീസ് കുറച്ചതോടെ യാത്രാക്ലേശത്തില്‍ പൊറുതിമുട്ടി വിദ്യാര്‍ഥികള്‍. കുട്ടനാട്ടുകാര്‍ ഏറെ അശ്രയിച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകളാണ് ഓരോ വര്‍ഷം പിന്നിടുമ്പോഴും കുത്തനെ കുറയ്ക്കുന്നത്. കുട്ടനാട്ടിലെ ഓരോ സ്‌റ്റേഷനിലും ഒരു ഷെഡ്യൂള്‍് മാത്രമായി ചുരുക്കി ദിവസേന അഞ്ച് ട്രിപ്പുകള്‍ മാത്രമാണ് നടത്തുന്നത്.

ബോട്ടുകള്‍ കുറഞ്ഞതോടെ ഉള്‍പ്രദശങ്ങളിലെ വിദ്യാര്‍ഥികള്‍ പാടശേഖര പുറംബണ്ടുകളിലൂടെ കാല്‍നടയായും വള്ളങ്ങളിലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത്. കര്‍ഷക, കര്‍ഷകതൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഉള്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ കര്‍ഷകരും തൊഴിലാളികളും യാത്രാ ബോട്ടുകളിലാണ് എത്തിയിരുന്നത്. വെള്ളപ്പൊക്ക സീസണില്‍ കരഗതാഗതം മുടങ്ങുമ്പോള്‍ സര്‍വീസ് ബോട്ടുകളാണ് യാത്രക്കാര്‍ ആശ്രയിക്കാറുള്ളത്. പൊതുജനങ്ങളുടെ ഗതാഗത സംവിധാനം താളം തെറ്റിച്ചാണ് ജലഗതാഗത വകുപ്പിന്റെ അവഗണന.

എടത്വാ ഡിപ്പോയില്‍ ഒരു ബോട്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30 ന് എടത്വായില്‍ നിന്ന് പുറപ്പെടുന്ന ബോട്ട് ചമ്പക്കുളം സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ച ശേഷം തിരികെ 8.15 ന് ചമ്പക്കുളത്ത് നിന്ന് എടത്വായിലേക്ക് മടങ്ങും. നിലവിലുള്ള ബോട്ടിന് കേടുപറ്റിയാല്‍ ഈ സര്‍വീസിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ പഠനവും വഴിമുട്ടും. ആലപ്പുഴ യാഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്ന ബോട്ട് തിരികെ എത്തുന്നതുവരെ വിദ്യാര്‍ഥികളുടേയും പഠനം മുടങ്ങാറുണ്ട്. ഈ സമയത്ത് ജലഗതാഗത വകുപ്പ് ബദല്‍ സംവിധാനം സ്വീകരിക്കാനും തയാറാകില്ല.

യാത്രാ ക്ലേശത്തിന് പുറമേ സര്‍വീസ് നിലച്ച സ്ഥലങ്ങളിലെ നദികളിലും തോടുകളിലും പോളയും, പുല്ലും, എക്കലും അടിഞ്ഞുകൂടി നികരാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്ക സീസണില്‍ പോലും ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. ആദ്യകാലങ്ങളില്‍ ഇവിടെ 12 ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു. പിന്നിട് ഏഴുബോട്ടുകളായി ചുരുക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സര്‍വീസ് ബോട്ടുകളുടെ എണ്ണം ഒന്നില്‍ എത്തി. മുന്‍കാലങ്ങളില്‍ എടത്വാ സ്‌റ്റേഷനില്‍നിന്ന് ചമ്പക്കുളം, നെടുമുടി, കിടങ്ങറ, വീയപുരം പാണ്ടി, തകഴി, മാന്നാര്‍ എന്നീ സ്ഥലങ്ങളിലേക്ക് ദിവസേന അഞ്ച് ട്രിപ്പില്‍ കൂടുതല്‍ യാത്രാബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു.

 

Back to top button
error: