LocalNEWS

ട്രോളിങ് നിരോധന കാലയളവില്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടുന്നു; മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക

അമ്പലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടികൂടുന്നു. തീരദേശത്ത് വ്യാപക പ്രതിഷേധം. ട്രോളിംഗ് നിരോധന കാലയളവില്‍ ഇത്തരത്തില്‍ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പൊങ്ങുവള്ളക്കാര്‍ വ്യാപകമായി പിടികൂടുന്നത്.ഇതിന് സര്‍ക്കാരും ഫിഷറീസ് വകുപ്പും ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യ ബന്ധനം നടത്തുന്നത്.

കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പരാഗത വള്ളങ്ങള്‍ക്കു മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങുവള്ളക്കാര്‍ വ്യാപകമായാണ് 15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെ പിടികൂടുന്നത്.

ഒരു കുട്ട ചെറിയ അയലക്ക് 400 രൂപ മാത്രമായിരുന്നു വില. എന്നാല്‍ ഒരു മാസം കഴിഞ്ഞ് ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോള്‍ ഇത്തരം ചെറിയ അയല ഒരു കുട്ടക്ക് നാല്‍പ്പതിനായിരം രൂപ വില വരും. ഈ രീതിയില്‍ ചെറു മത്സ്യങ്ങളെ കൂടുതലായി ഇപ്പോള്‍ പിടിച്ചാല്‍ ട്രോളിങ് നിരോധന കാലയളവ് കഴിയുമ്പോള്‍ കടലില്‍ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫിഷറീസ് വകുപ്പ് കര്‍ശന നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരദേശ പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ പൊങ്ങുവള്ളക്കാര്‍ പിടികൂടുന്ന ഇത്തരം ചെറു മത്സ്യങ്ങള്‍ റോഡരികിലിട്ടാണ് വില്‍പ്പന നടത്തുന്നത്. പരാതി വ്യാപകമായതോടെ പോലീസെത്തി ഇത്തരം വില്‍പ്പനക്കാരെ പറഞ്ഞു വിട്ടു. അടുത്ത ദിവസം മുതല്‍ ഇത്തരം മത്സ്യ ബന്ധനം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ മത്സ്യ സമ്പത്ത് വര്‍ധിക്കുന്നതില്‍ കുറവുണ്ടാകുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.

 

Back to top button
error: