IndiaNEWS

ആശങ്കയുടെ മണിക്കൂറുകൾ, കേബിൾ കാറിൽ കുടുങ്ങിയവരെ ഒടുവിൽ രക്ഷപ്പെടുത്തി!

ദില്ലി: ഹിമാചൽപ്രദേശിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മൂന്ന് മണിക്കൂറുകൾ തുട‍ർച്ചയായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടായിരുന്നു.

ടിംബർ ട്രയൽ ഓപ്പറേറ്റർമാരുടെ സാങ്കേതിക സംഘത്തെ വിന്യസിക്കുകയും പോലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ ഒന്നൊന്നായി താഴെയുള്ള കുന്നിലേക്ക് ഹാർനെസ് ഉപയോഗിച്ച് ഇറക്കുകയായിരുന്നു. ദുരന്ത പ്രതികരണ സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. എൻഡിആർഎഫിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംഘങ്ങൾ സ്ഥലത്തുണ്ടെന്നും എല്ലാ യാത്രക്കാരെയും രക്ഷിക്കുമെന്നും താക്കൂർ ട്വീറ്റ് ചെയ്തിരുന്നു.

പർവാനോയിലെ പ്രശസ്തമായ ടിംബർ ട്രയൽ സ്വകാര്യ റിസോർട്ടിന്റെ സവിശേഷതയാണ് കേബിൾ കാർ. 1992 ഒക്ടോബറിൽ സമാനമായി 11 യാത്രക്കാർ ഇതേ റോപ്പ്‌വേയിൽ കുടുങ്ങിയിരുന്നു. ഇവരെ പിന്നീട് ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. അതേസമയം ഏപ്രിലിൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാ‍ർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചിരുന്നു. 40 മണിക്കൂറിലധികമാണ് ആളുകൾ കേബിൾ കാറുകളിൽ കുടുങ്ങിയത്.

Back to top button
error: