കോടതിയിലുള്ളത് തന്‍െ്‌റ ദൃശ്യം, ചോര്‍ത്തിയത് ആരെന്നറിയണം: അതിജീവിത

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. ‘കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ തന്റെ ഭാവിയെ ബാധിക്കും.കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നല്‍കി.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയില്‍ അറിയിച്ചു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ആരാഞ്ഞു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ വാദം നാളെയും തുടരും.

2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തി. വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണ കോടതി തള്ളുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version