കന്നഡ നടന്‍ കുത്തേറ്റുമരിച്ചു; ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: കന്നഡ നടന്‍ സതീഷ് വജ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടില്‍ സതീഷിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കണ്ട അയല്‍വാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുന്നത്.

ഏഴ് മാസം മുമ്പ് സതീഷിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് ഭാര്യവീട്ടുകാര്‍ ആരോപിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് നോക്കിയിരുന്നത്. കുട്ടിയെ കാണാനായി സതീഷ് ഭാര്യവീട്ടില്‍ എത്തിയിരുന്നുവെന്നും കുട്ടിയെ തിരിച്ചു കിട്ടുന്നതിനു നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദര്‍ശന്‍ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version