ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയുമാണ് ശസ്ത്രക്രിയ വൈകിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.
വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു.

ജീവന്‍ കൈയില്‍ പിടിച്ച് പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു. ഒടുവില്‍ മണിക്കൂര്‍ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. ഉദാസീനതയാല്‍ വിലപ്പെട്ട സമയം പാഴാക്കിയപ്പോള്‍ രോഗിക്ക് നഷ്ടമായത് ജീവന്‍.

കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു.

നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചയാണ്. തുടര്‍ന്ന് ഇതു വിവാദമായതോടെ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version