CrimeNEWS

ആയുധവും സേനയും ഉണ്ടായിട്ടെന്തുകാര്യം! കണ്ണൂരെ സായുധപോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തുനിന്ന് ചന്ദനമരം കടത്തി കള്ളന്മാര്‍

24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധര്‍മശാല(കണ്ണൂര്‍): സായുധ പോലീസ് സേനയുടെ ആസ്ഥാനത്തുകയറി കഴിവുതെളിയിച്ച് കള്ളന്മാര്‍. മാങ്ങാട്ടുപറമ്പിലെ സായുധ പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍നിന്ന് മുറിച്ചുകടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം. യന്ത്രവാള്‍ കൊണ്ട് ചന്ദനമരം പൂര്‍ണമായി മുറിച്ച് ചില്ലകള്‍പോലും സ്ഥലത്ത് ഉപേക്ഷിക്കാതെ വാഹനത്തില്‍ കടത്തിയതായാണ് കരുതുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

പരേഡ് ഗ്രൗണ്ടിനും കെ.എ.പി. ആസ്പത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെ.എ.പി. കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ. 24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തേയും പലതവണ കെ.എ.പി. ആസ്ഥാനത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാതെ മൂടിവെച്ചതായും ആക്ഷേപമുണ്ട്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയിലാണ്. കെ.എ.പി. നാലാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് സജീഷ് ബാബു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

Back to top button
error: