CrimeNEWS

കൊല്ലത്തെ രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയതുതന്നെയെന്ന് കുടുംബം; പോലീസ് പറയുന്നത്…

കൊല്ലം: നാടിനെ മുള്‍മുനയിലാക്കി അഞ്ചലില്‍ രണ്ടരവയസുകാരനെ പന്ത്രണ്ടു മണിക്കൂര്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. അതേസമയം
കുടുംബം സംശയം പ്രകടിപ്പിച്ചവരുടെയടക്കം മൊഴിയെടുത്തിട്ടും ഒരു തുമ്പും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഒരു കിലോമീറ്ററോളം ദൂരമുള്ള ചെങ്കുത്തായ മല രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് എങ്ങനെ കയറി എന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. കാര്യമായ പുരോഗതിയില്ലെങ്കിലും അന്വേഷണം തുടരാന്‍ തന്നെയാണ് അഞ്ചല്‍ പൊലീസിന്റെ തീരുമാനം.

കഴിഞ്ഞ പത്തിനാണ് തടിക്കാട് സ്വദേശികളായ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകനെ കാണാതായത്. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമുന്നയിച്ചു. ഇവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

രക്ഷിതാക്കളുടേയും ഇവര്‍ സംശയം പറഞ്ഞവരുടേയും മൊഴി പൊലീസ് ശേഖരിക്കുകയും ചിലരുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പുറത്ത് നിന്നും ആരെങ്കിലും കുട്ടിയുടെ വീട്ടിലെത്തിയതായുള്ള സൂചനകളുമില്ല. പക്ഷേ ഇപ്പോഴും കുട്ടിയെ തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് വിശ്വസിക്കുകയാണ് രണ്ടരവയസുകാരന്റെ കുടുംബം.

Back to top button
error: