IndiaNEWS

അഗ്‌നിപഥ് കരട് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ ‘ഭാരത് ബന്ദ്’

ദില്ലി: അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാ‍ർ ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോൾ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

അതേസമയം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ അഗ്നിപഥിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമായേക്കും. ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അർധ രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Back to top button
error: