വ്യാജപ്രചാരണം: 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പ്രതിഷേധം തുടരുമ്പോഴും അഗ്‌നിപഥ് പദ്ധതിയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകള്‍. ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് തിയതികള്‍ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും.

ആദ്യ റിക്രൂട്ട്‌മെന്റ് റാലി ആഗസ്റ്റില്‍ നടക്കും. ഡിസംബര്‍ ആദ്യം ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും. നാവിക സേനയില്‍ ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 നും വ്യോമസേനയില്‍ ഡിസംബര്‍ മുപ്പതിനും തുടങ്ങാനാണ് ധാരണ. നാവിക സേനയില്‍ വനിത സെയിലര്‍മാരെയും നിയമിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാര്‍ത്താസമ്മേളനം നടന്നത്.

41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സര്‍ക്കാരുകള്‍ മടങ്ങി വരുന്ന അഗ്‌നവീറുകള്‍ക്കാകെ ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകള്‍ തേടും. ആദ്യ വര്‍ഷം 46000 പേരെയാണ് ചേര്‍ക്കുന്നതെങ്കിലും ഇത് പിന്നീട് 60000 ആയും 1,25,000 ആയും ഉയരുമെന്ന് സേനകള്‍ അറിയിച്ചു.

65 ശതമാനം പേര്‍ 35 വയസിന് താഴെയുള്ള രാജ്യത്ത് സൈന്യം ചെറുപ്പമാകേണ്ടതില്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് സേനകള്‍ പദ്ധതിയെ ന്യായീകരിച്ചത്. ഇതിന് ദൈവം നല്‍കിയ സുവര്‍ണ്ണ അവസരമാണിതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സേനകളെ മുന്നില്‍ നിറുത്തി പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നേരിടാന്‍ കൂടിയാണ് സര്‍ക്കാരിന്റെ ശ്രമം. അക്രമത്തില്‍ പങ്കാളികളായവര്‍ക്ക് സേനകളില്‍ ഇടമുണ്ടാകില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version