വിലയില്‍ കടുപ്പം കൂടി, കാപ്പിയുടെ കടുപ്പം കുറയുമോ

കോട്ടയം: രാവിലെയുള്ള കാപ്പികുടി ഇനി അല്‍പ്പം കുറയ്ക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടല്ല, പോക്കറ്റ് കീറാതിരിക്കാന്‍. കാപ്പികുടി ഒഴിച്ചുകൂടാനാകാത്ത ശീലമാക്കിയ മലയാളിക്ക് വെല്ലുവിളിയുയര്‍ത്തി കാപ്പിപ്പൊടി വിലയും കൂടുന്നു. ഈ സീസണില്‍ പലയിടങ്ങളിലും കാപ്പിക്കുരു കാപ്പിയില്‍ കാണാനേയില്ലെന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണു സൂചന. കാപ്പിപ്പൊടിയുടെ വില വര്‍ധന കാപ്പികുടിയില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുകയാണ്.

അതേസമയം, കാപ്പിക്കുരുവിന് വിലയുണ്ടായിട്ടും, കര്‍ഷകന് പ്രയോജനമില്ല. കിഴക്കന്‍ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവും ഉത്പാദനം കുറഞ്ഞതും ബ്രസീലിലെ ഉത്പാദനത്തളര്‍ച്ചയുമാണു വില വര്‍ധനയ്ക്കു കാരണം. വിളവെടുപ്പ് സീസണായിരുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍ സീസണുകളേ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ വിളവു കുറവായിരുന്നു.

അടുത്ത സീസണില്‍ വീണ്ടും ഉത്പാദനം കുറവായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കിടെ പത്തു രൂപയോളം കൂടി കിലോയ്ക്കു 170 രൂപയാണ് പരിപ്പു കാപ്പിയുടെ വില. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന് ജില്ലയില്‍ 105 രൂപ വരെ ലഭിക്കുന്നുണ്ട്. കുരുവിന്റെ വില വര്‍ധനയ്ക്ക് ആനുപാതികമായി പൊടിയുടെ വിലയും വര്‍ധിച്ചു. കാപ്പിപ്പൊടിയ്ക്ക് 280 രൂപയ്ക്ക് മുകളിലാണ് വില. ചില കമ്പനികള്‍ 300 രൂപ വരെ വാങ്ങുന്നുണ്ട്. നാടന്‍ കാപ്പിക്കുരു മിക്കയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.. ഉയരം കുറഞ്ഞ റോബസ്റ്റ കാപ്പികളാണ് ഇപ്പോള്‍ കൂടുതലായി കൃഷി ചെയ്യുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version