IndiaNEWS

മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപിയുടെ 40 ലക്ഷം, ഫണ്ട് വേണ്ടെന്നും പണം തിരിച്ചെടുക്കണമെന്നും നഗരസഭ

   കോഴിക്കോടിനടുത്ത് മുക്കത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്നു മുക്കം നഗരസഭ. ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണു നഗരസഭ പറയുന്ന ന്യായം.

നഗരസഭാ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണ്ടി കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫിസർക്കും കത്തു നല്‍കുകയും ചെയ്തു. എന്നാല്‍, സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നാട്ടുകാർ, അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴാണ് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച തുക നഗരസഭ വേണ്ടെന്നു വയ്ക്കുന്നത്.
മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനടുത്ത് പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. നഗരസഭയുടെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Back to top button
error: