CrimeNEWS

ഭാര്യയെക്കുറിച്ച് അപഖ്യാതി പറഞ്ഞു, നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ സുഹൃത്ത് വെട്ടിക്കൊന്നു; കൃത്യത്തിനു ശേഷം കൊലയാളി കീഴടങ്ങി

    കോട്ടയം നഗരത്തിലെ നാഗമ്പടത്ത് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിർമാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഇരുവിഭാഗവും
ഏറ്റുമുട്ടുകയായിരുന്നുവെന്നാണ്
പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. രാഗേന്ദ്രയുടെ ഭാര്യയെപ്പറ്റി ഷഷീർ അപഖ്യാതി പ്രചരിപ്പിച്ചതാണ് ഇവർക്കിടയിലെ ശത്രുതയുടെ കാരണമെന്നും പറയപ്പെടുന്നു. ഇരുവരും കേരളത്തിലെത്തി കെട്ടിട നിർമാണ ജോലി ചെയ്യുകയായിരുന്നു. ഇരുവർക്കുമിടയിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു.

പ്രതി രാഗേന്ദ്ര ഗൗഡ ഷഷീറിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ‘ഞാൻ ഒരാളെ കൊന്നു’ എന്നു പറഞ്ഞാണ് ഇയാൾ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും ഡിവൈ.എസ്..പി ജെ.സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം
സംഭവസ്ഥലത്ത് എത്തി. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.

Back to top button
error: