KeralaNEWS

യഥാർത്ഥ നന്മമരം എം.എ യൂസഫലിയെ യു.ഡി.എഫ് കല്ലെറിയുന്നു, മുസ്ലിംലീഗിലെ കെ.എം ഷാജിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത്

അതിസമ്പന്നനെങ്കിലും നന്മയുടെയും കാരുണ്യത്തിൻ്റെയും ആൾരൂപമായ എം.എ യൂസഫലിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ യു.ഡി.എഫ് നേതാക്കൾ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി വിമർശനം. മലയാളികളുടെ, പ്രത്യേകിച്ച് പ്രവാസിമലയാളികളുടെ ഏത് ആവശ്യത്തിനും സഹായ ഹസ്തവുമായെത്തുന്ന യൂസഫലി കേരളത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വലിയ കൈത്താങ്ങാണ്. ജന്മനാടിൻ്റെ വികസനത്തിൽ ആരു ഭരിക്കുന്നു എന്നോ കൊടിയുടെ നിറമോ അദ്ദേഹം നോക്കാറില്ല.
തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയോട് യു.ഡി.എഫ് സ്വീകരിച്ച നിഷേധാത്മക നിലപാടിനെതിരെ പ്രവാസി വ്യവസായ പ്രമുഖനായ യൂസഫലി പ്രതികരിച്ചതാണ് വി.ഡി സതീശനെ ചൊടിപ്പിച്ചത്.
യു.ഡി.എഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും എം.എ യൂസഫലിയുടെ പ്രസ്താവന ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ശരിയായില്ല. ഹാൾ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചതാണ് ധൂർത്ത് എന്ന് വിമർശിച്ചത്. പ്രവാസികൾക്ക് ഭക്ഷണമോ താമസമോ നല്കുന്നതിനെ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയിൽ പങ്കെടുക്കാനാണ് നിർദ്ദേശിച്ചത്. ഇക്കാര്യങ്ങൾ യൂസഫലിയോടു നേരിട്ട് പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യമായി ഇത് വ്യാഖ്യാനിച്ചത് തീരെ ശരിയായില്ല. പ്രതിപക്ഷവിമർശനങ്ങളെ ട്വിസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമാണ്. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും സതീശൻ പറഞ്ഞു.

വി.ഡി സതീശൻ്റെ ഭാഷ മൃദുവായിരുന്നെങ്കിൽ വിവാദ നേതാവ് കെഎം ഷാജി മര്യാദയുടെയും മാന്യതയുടെയുടെയും എല്ലാ സീമകളും ലംഘിച്ചു. ‘ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും’ എന്നാണ് യൂസഫലിയെ കെഎം ഷാജി ഭീഷണിപ്പെടുത്തിയത്.

യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാൾ ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടന്നാണ് ഷാജി തുറന്നടിച്ചത്. എം എ യൂസഫലിയുടെ പേര് നേരിട്ടു പറയാതെയാണ് കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ യൂസഫലി പ്രതിപക്ഷത്തെ വിമര്‍ശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തല്‍.

‘യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ.

അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് നെറികേടു കാട്ടിയാലും തുറന്നുപറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്…? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്’
കെഎം ഷാജിയുടെ ഭർത്സനങ്ങൾ ഇങ്ങനെ നീണ്ടു പോകുന്നു.

Back to top button
error: