NEWS

രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്; ആംഗ്രി ബേർഡ്‌സ്, കാൻഡി ക്രഷ് ഗെയിമുകൾ കുട്ടികൾക്ക് ഭീഷണി

ആംഗ്രി ബേർഡ്‌സ് (Angry Birds), കാൻഡി ക്രഷ് (Candy Crush) തുടങ്ങിയ ജനപ്രിയ ഗെയിമുകൾ കുട്ടികളുടെ സ്വകാര്യ ഡേറ്റയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.അതിനാൽ മാതാപിതാക്കൾ അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മിക്ക കുട്ടികളും അവരുടെ സമയത്തിന്റെ നല്ലൊരു ഭാഗം ഇന്ന് മൊബൈൽ ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ ചെലവഴിക്കുന്നു. ചെറുപ്പത്തിൽ തന്നെ മൊബൈൽ ഗെയിമിന് അടിമപ്പെടുന്നത് പല വിധത്തിൽ അപകടകരമാണ്.ഇത് പലപ്പോഴും കുട്ടികളുടെ ജീവിതം തന്നെ ചൂഴ്ന്നെടുക്കുന്നതായി മാറിയിട്ടുണ്ട്. സുരക്ഷാ വെബ്‌സൈറ്റിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം ഗെയിമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യ വ്യവസായത്തിലേക്ക് കൈമാറുകയും ചെയ്യുന്നു എന്നാണ്. ഈ റിപ്പോര്‍ട്ട് രക്ഷിക്കാതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.
പിക്സലേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മിക്ക ഗെയിമിങ് ആപ്പുകളും പരസ്യ വ്യവസായവുമായി ഡേറ്റ പങ്കിടുന്നുണ്ട് എന്നാണ്. ആംഗ്രി ബേർഡ്സ് 2 പോലുള്ള ഗെയിം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്. കാൻഡി ക്രഷ് സാഗ ആപ്പിലും സമാനമായ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. കളറിങ് ചെയ്യുന്നതിനും കണക്ക് ഹോംവർക്ക് ചെയ്യുന്നതിനുമുള്ള ആപ്പുകളും കുട്ടികളെ പിന്തുടരുന്നതായി കണ്ടെത്തി. ആപ്പുകൾ കുട്ടികളുടെ പൊതുവായ ലൊക്കേഷനുകൾ ശേഖരിക്കുകയും സമാന താൽപര്യങ്ങളുള്ള ഉപയോക്താക്കളെ തിരയുന്ന കമ്പനികൾക്ക് അയയ്ക്കുകയും ചെയ്യുന്നു. ആപ്പുകൾ ശേഖരിച്ച വിവരങ്ങൾ മറ്റുള്ളവർക്ക് വിൽക്കുന്നു.
പിക്സലേറ്റിന്റെ അന്വേഷണത്തിൽ കുട്ടികളെ ആകർഷിക്കുന്ന എല്ലാ ആപ്പുകളും തരംതിരിച്ചിട്ടുണ്ട്. ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ഉടനീളം കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 391,000 ലധികം ആപ്പുകൾ കമ്പനി ട്രാക്ക് ചെയ്തു. ആപ്പിന്റെ വിഭാഗം, ഉപവിഭാഗം, ഉള്ളടക്ക റേറ്റിങ് എന്നിവയുൾപ്പെടെ വിലയിരുത്തി ഒരു ആപ്പ് കുട്ടികളെ പിന്തുടരാൻ സാധ്യതയുണ്ടോ എന്ന് നിർണയിക്കാൻ പ്രത്യേകം പ്രോസസിങ് ആണ് പിക്സലേറ്റ് ചെയ്യുന്നത്. ആപ്പിന്റെ പേരിലോ, വിവരണത്തിലോ കുട്ടിയുമായി ബന്ധപ്പെട്ട കീവേഡുകൾ ഉണ്ടെങ്കിലും പ്രോസസിങ്ങിന് വിധേയമാക്കുന്നു.
പിക്‌സലേറ്റ് നടത്തിയ പഠനമനുസരിച്ച് ആപ്പിൾ ആപ്പ് സ്റ്റോർ ആപ്പുകളിൽ 8 ശതമാനവും ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പുകളിൽ 7 ശതമാനവും കുട്ടികളെ രഹസ്യമായി പിന്തുടരുന്നവയാണ്. കുട്ടികളെ പിന്തുടരുന്ന മൊബൈൽ ആപ്പുകളിൽ ഏകദേശം 40 ശതമാനത്തിനും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാണ്. കുട്ടികളെ പിന്തുടരുന്ന ആപ്പുകളിലെ പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
കുട്ടികളെ പിന്തുടരുന്ന 12,000 ലധികം ആപ്പുകൾക്ക് വ്യക്തിഗത വിവരങ്ങളിലേക്ക് നേരിട്ട് ആക്‌സസ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. സ്വകാര്യതാ നയങ്ങളൊന്നുമില്ലാതെയാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്.

Back to top button
error: