IndiaNEWS

അഗ്നിപഥിനെതിരെ രാജസ്ഥാനില്‍ പ്രമേയം

ജയ്പുർ: പൊതുതാൽപര്യവും യുവാക്കളുടെ വികാരവും കണക്കിലെടുത്ത് അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. അഗ്നിപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധർ അഭിപ്രായപ്പെട്ടതായും ഇക്കാര്യം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.

‘സൈനികർക്ക് മികച്ച പരിശീലനത്തോടൊപ്പം രാജ്യത്തെ സൈന്യത്തിൽ സ്ഥിരമായ റിക്രൂട്ട്‌മെന്റും ഉണ്ടാകണമെന്ന് വിദഗ്ധർ പറയുന്നു. അവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം. അങ്ങനെ അവരുടെ ഭാവിയും കുടുംബവും സുരക്ഷിതമാക്കാൻ കഴിയും. ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിന് മുൻപ് കേന്ദ്രസർക്കാർ സമഗ്രമായ ചർച്ച നടത്തേണ്ടിയിരുന്നു.’– അശോക് ഗെലോട്ട് പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ജയ്പുർ, ജോധ്പുർ, ജുൻജുനു ഉൾപ്പെടെ രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ നൂറുകണക്കിന് യുവാക്കൾ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുകയും അൽവാറിൽ ജയ്പുർ-ഡൽഹി ഹൈവേ തടയുകയും ചെയ്തിരുന്നു.

Back to top button
error: