NEWS

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ്

“ഞാനൊരു ഫാസ്റ്റ്ബൗളറാണ്. എനിക്ക് ഈ മൂന്ന് റൊട്ടി പോരാ……”
“എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?” പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹാസത്തോടെ സഹപാഠികളുടെ മുന്നിൽ വച്ച് കോച്ചിങ് ക്യാമ്പിലെ ട്രെയിനർ അവനോട് ചോദിച്ചു. ശരിയായിരുന്നത്….. ബേദി, ചന്ദ്ര, പ്രസന്ന, വെങ്കട് എന്നിങ്ങനെ സ്പിന്നർമാർ അരങ്ങു വാണിരുന്ന ഇന്ത്യൻ ടീമിൽ അവർ പന്തെടുക്കും മുമ്പ് പന്തിൻ്റെ ഷൈനിങ് കളയേണ്ട ജോലിയേ മറ്റുള്ളവർക്ക് ഉണ്ടായിരുന്നുള്ളൂ…… പല സമയത്തായി ഗാവസ്കറും അമർനാഥും കഴ്സൻ ഗാവ്റിയും സോൾക്കറുമെല്ലാം ആ ജോലി കൃത്യമായി ചെയ്തു പോന്നിരുന്നു. സോബേഴ്സിനെയും ഇംറാനേയും പോലൊരു ഓൾറൗണ്ടർ എന്നത് വിദൂര സ്വപ്നം മാത്രമായ കാലം….
ഈ സാഹചര്യങ്ങൾക്കിടയിലേക്കാണ് 1978 ഒക്ടോബറിൽ ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തിൽ നിന്ന് കപിൽദേവ് രാംലാൽ നിഖഞ്ജ് എന്ന പത്തൊൻപതുകാരൻ, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് . പിന്നീടൊരു ദശാബ്ദക്കാലം ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറും ഓൾറൗണ്ടറും മികച്ച കാപ്റ്റനും എല്ലാമെല്ലാം ഈ “ഹരിയാന ഹരിക്കെയ്ൻ ” തന്നെയായിരുന്നു. തൻ്റെ മറുവശത്തെ ബൗളിങ് എൻഡിൽ ബൽവീന്ദർ സന്ധുവും റോജർ ബിന്നിയും രാജു കുൽക്കർണിയും സഞ്ജീവ് ശർമയുമടക്കം പലരും വന്നു പോയെങ്കിലും റിച്ചാർഡ് ഹാഡ്‌ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകൾ എന്ന റെക്കോർഡ് തകർക്കും വരെ കപിലിൻ്റെ ബൗളിങ് എൻഡിൽ മാത്രം മാറ്റമുണ്ടായില്ല.
കപിൽദേവ് എന്നു കേട്ടാൽ ഏതൊരു സ്പോർട്സ് പ്രേമിയുടെയും മനസ്സിൽ ആദ്യം വരുന്ന ചിത്രം ലോർഡ്സ് ബാൽക്കണിയിൽ പ്രുഡൻഷ്യൽ കപ്പുമായി നൽകുന്ന ചിത്രമാകും. ഏകദിന ക്രിക്കറ്റിലെ അതികായരും അപരാജിതരുമായ വെസ്റ്റ് ഇൻഡീസിനെ തകർത്ത് കിരീടം നേടിയ കപിലിന്റെ ചെകുത്താൻമാർ. ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യ, മുൻപത്തെ രണ്ട് ലോകകപ്പും നേടി ഹാട്രിക്കിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാൻ ഇറങ്ങിയത് ക്ലൈവ് ലോയ്ഡിൻ്റെ നേതൃത്വത്തിലായിരുന്നു. ഗാവസ്കറിൽ നിന്ന് ക്യാപ്റ്റൻസി ഏറ്റെടുത്ത കപിലിൻ്റെ ടീം ലോകകപ്പിനിങ്ങിയത് ഗാവസ്കർ ,ശ്രീകാന്ത്, മൊഹിന്ദർ, യശ്പാൽ ശർമ, സന്ദീപ് പാട്ടീൽ, രവി ശാസ്ത്രി, റോജർ ബിന്നി, സന്ധു, മദൻലാൽ, കിർമാനി തുടങ്ങിയ മികച്ച നിരയുമായായിരുന്നു. തുടക്കത്തിൽ ക്രിക്കറ്റ് ലോകം ഇന്ത്യക്ക് നൽകിയ കിരീടസാധ്യത ആയിരത്തിൽ ഒന്നു മാത്രം.
ഈ ലോകകപ്പ് വിജയത്തിലേക്കുള്ള വഴിയിൽ കപിൽ തന്റെ വാലറ്റത്തെ കൂട്ടാളികളെ കൂടെ കൂട്ടി വെട്ടിപ്പിടിച്ച ഒരു മത്സരമുണ്ട്. തോറ്റാൽ പുറത്താവും എന്ന നിലയിൽ സിംബാബ്‌വേയെ 31 റൺസിന് തോൽപ്പിച്ച ലീഗ് ഘട്ട മത്സരം.
ടോസ് ചെയ്ത് പവലിയനിൽ തിരിച്ചെത്തിയ കപിൽ ഒന്നു ഫ്രെഷ് ആവാനായി വാഷ് റൂമിൽ കയറി അധികം കഴിയുന്നതിന് മുമ്പാണ് പുറത്ത് സുനിൽ വാത്സൻ്റെ ശബ്ദം കേൾക്കുന്നത് … ഓപ്പണർമാർ ഗാവസ്കറും ശ്രീകാന്തും പൂജ്യത്തിന് പുറത്തായി തിരിച്ചെത്തിയിരിക്കുന്നു … പുകൾപെറ്റ ബൗളിങ് നിര അല്ലാതിരുന്നിട്ടു കൂടി റോസനും കറനുമടക്കമുളള പേസർമാർ, രാവിലെ ചെറുതായി വീശിയ കാറ്റിൻ്റെ ആനുകൂല്യം മുതലെടുക്കുന്നുണ്ട്.
അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരെക്കൂടി റോസൻ – കറൻ കൂട്ടുകെട്ട് പവലിയനിൽ എത്തിക്കുമ്പോൾ ഇന്ത്യ അഞ്ചോവർ ആയപ്പോഴേക്കും 17/5 എന്ന പരിതാപകരമായ നിലയിൽ എത്തി…. പതുക്കെ, ഉറച്ച കാൽവയ്പ്പുകളോടെ, ഇരുകയ്യിലും ബാറ്റു മാറി മാറി പിടിച്ച് കൈകൾ വീശി ആ ഹരിയാന കൊടുങ്കാറ്റ് ക്രീസിലേക്ക് നടന്നു ..
തകർന്നു പോയ ടോപ്പ് & മിഡിൽ ഓർഡറിൻ്റെ ഡ്രസ്സിങ് റൂമിലെ അവസ്ഥ വേദനാജനകമായിരുന്നു. ആർക്കും ഗ്രൗണ്ടിലേക്ക് നോക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥ. ഇടക്ക് ഫോറടിക്കുന്ന ഓരോ ആരവം കേൾക്കുമ്പോഴും അവർ അടുത്ത ബാറ്റ്സ്മാൻ പവലിയനിലേക്ക് മടങ്ങുന്നതായി പ്രതീക്ഷിച്ചു. ഒടുവിൽ ആകാംക്ഷ സഹിക്കാതെ ആദ്യം ശ്രീകാന്തും പുറകെ മറ്റുള്ളവരും പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി കളി വീക്ഷിച്ചു.
നാശം വിതച്ച ഓപ്പണിങ്ങ് ബൗളർമാരെ വിദഗ്ദമായി നേരിട്ട കപിൽ, ബൗളിങ് ചേഞ്ച് വന്നതോടെ തൻ്റെ ശൈലി മാറ്റി. ക്വാട്ട തീർക്കാതെ റോസനേയും കറനേയും പിൻവലിച്ച് ജോൺ ട്രൈക്കോസിനൊപ്പം സ്വയം ബൗളിങ്ങിനിറങ്ങിയ സിംബാബ്വേ ക്യാപ്റ്റൻ ഡങ്കൻ ഫ്ളച്ചറുടെ കണക്കു കൂട്ടലുകൾ അപ്പാടെ കപിൽ തകിടം മറിച്ചു…ആദ്യം റോജർ ബിന്നിയെ, പിന്നെ മദൻലാലിനെ അവസാനം കിർമാണിയെ കൂട്ടുപിടിച്ച് കപിൽ ഇന്ത്യയെ 266/8 ( 60 ഓവർ) എന്ന സുരക്ഷിത സ്കോറിൽ എത്തിച്ചു. ഒമ്പതാമത്തെ വിക്കറ്റിൽ 100 + റൺസാണ് വന്നത്. കപിലിൻ്റെ ഇന്നിങ്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വർദ്ധിത വീര്യത്തോടെ ഫീൽഡിലിറങ്ങിയ ടീം ഇന്ത്യ , സിംബാബ്വേയെ 235 ന് ഓൾ ഔട്ടാക്കി 31 റൺസിൻ്റെ വിജയമാഘോഷിച്ചു.
കപിലിന്റെ 175 റൺസ് വെറും 138ബാളിൽ 16 ബൗണ്ടറിയും 6 സിക്സും ഉൾപെട്ടതായിരുന്നു. 127 സ്ട്രൈക്ക് റേറ്റ്. ക്രിക്കറ്റ് എന്നാൽ ടെസ്റ്റ് ആണെന്നും ഡിഫൻസ് ആണ് ഒരു നല്ല ബാറ്റ്സ്മാന്റെ ലക്ഷണം എന്നും ഉറച്ചു വിശ്വസിച്ചിരുന്ന കാലത്ത് ഒരു ബാറ്റ്സ്മാന് ഇത്തരമൊരു ഇന്നിങ്ങ്സ് സ്വപ്നം കാണാൻ പോലും പറ്റില്ലായിരുന്നു. ആ ഇന്നിങ്ങ്സ് വന്ന സിറ്റ്വേഷനും വിലയിരുത്തേണ്ടതാണ്.
ഈ ഒരു ഇന്നിങ്ങ്സിനെ കുറിച്ച് കപിൽ പിന്നീടിങ്ങനെ പറഞ്ഞു – എനിക്കൊന്നും ഓർമ്മയില്ല.തോറ്റാൽ നാട്ടിലേക്കു മടങ്ങാമെന്ന് ഡ്രസിങ് റൂമിൽ ആരോ പറഞ്ഞു.കൂടെയുള്ള ബാറ്റ്സ്മാൻമാരോട് വിക്കറ്റ് കളയരുതെന്നു പറഞ്ഞ് ഞാൻ മെല്ലെ ബാറ്റുമായി ഗ്രൗണ്ടിലേക്ക് ചെന്നു.

Back to top button
error: