NEWSTechTRENDINGWorld

മനപ്പൂര്‍വം സ്പീഡ് കുറച്ചെന്ന് ആപ്പിളിനെതിരേ പരാതി; ഉപഭോക്താക്കള്‍ക്ക് വന്‍ തുക ലഭിച്ചേക്കും

വാഷിങ്ടണ്‍: പഴയ ഫോണുകളുടെ പ്രവര്‍ത്തനവേഗം കമ്പനി മനപ്പൂര്‍വം പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരേ പരാതി. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുമെന്ന് പറഞ്ഞ് സോഫ്റ്റ് വെയര്‍ അപ്ഗ്രേഡിന്റെ പേരില്‍ കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നും യഥാര്‍ത്ഥത്തില്‍ ഫോണുകളുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയാണ് ചെയ്തത് എന്നും അപരാതിക്കാരനായ ജസ്റ്റിന്‍ ഗുട്മന്‍ ആരോപിച്ചു.

യു.കെയിലെ 2.5 കോടിയോളം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി 76.8 കോടി യൂറോ (7319 കോടി രൂപയിലേറെ) നല്‍കണം എന്നാണ് ഗട്ട്മാന്റെ ആവശ്യം. പരാതി സത്യമെന്നു തെളിഞ്ഞാല്‍
ലക്ഷക്കണക്കിന് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ലഭിക്കാന്‍ അവസരം ഒരുങ്ങും.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, 6എസ്, 6എസ് പ്ലസ്, എസ്ഇ, ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ ടെന്‍ തുടങ്ങിയ മോഡലുകളാണ് അപ്ഡേറ്റിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ നേരിട്ടതെന്ന് പരാതിയില്‍ പറയുന്നു.

2017-ല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലെ ഒരു പവര്‍ മാനേജ് മെന്റ് ടൂള്‍ ആണ് ഈ കേസിന് വഴിവച്ചത്. അപ്ഡേറ്റിനെ തുടര്‍ന്ന് ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും അപ്രതീക്ഷിതമായി ഓഫാവുന്ന സ്ഥിതി വന്നു. ഈ ടൂളിനെ കുറിച്ചുള്ള വിവരം അപ്ഡേറ്റിനെ കുറിച്ചുള്ള വിശദാംശങ്ങളില്‍ അപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല് ഈ ടൂള്‍ ഫോണിന്റെ പ്രവര്‍ത്തന വേഗം കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തില്ല.

പുതിയ ഐഒഎസ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കാന്‍ പഴയ ഐഫോണുകളുടെ ബാറ്ററികളുടെ പ്രവര്‍ത്തന ശേഷിയില്ലാത്തത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഈ ടൂള്‍ അവതരിപ്പിച്ചത് എന്ന് ഗട്ട്മന്‍ ആരോപിക്കുന്നു. തകരാറിലായ ഫോണുകള്‍ തിരികെ വിളിക്കുന്നതും ബാറ്ററി മാറ്റി നല്‍കുന്നതും ഒഴിവാക്കുന്നതിനാണ് ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സൗജന്യമായി ഫോണ്‍ മാറ്റി നല്‍കുകയോ, അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ തുടങ്ങിയ നിയമപരമായ കാര്യങ്ങള്‍ക്ക് പകരം ഫോണിന്റെ പ്രവര്‍ത്തനം 58 ശതമാനം കുറയ്ക്കും വിധം സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് അവതരിപ്പിക്കുകയാണ് ആപ്പിള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ ഉപഭോക്താക്കള്‍ക്ക് പലര്‍ക്കും ഫോണുകള്‍ മാറ്റേണ്ടി വന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

എന്നാല്‍, തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഒരിക്കലും മനപ്പൂര്‍വം തകരാറിലാക്കിയിട്ടില്ലെന്നാണ് ആപ്പിള്‍ പറയുന്നത്. അതേസമയം, ഫോണുകളുടെ പ്രവര്‍ത്തനം പതുക്കെയായത് അപ്ഡേറ്റിനെ തുടര്‍ന്നാണെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് മനപ്പൂര്‍വം ചെയ്തതല്ല എന്നാണ് വിശദീകരണം. സംഭവം വിവാദമായതോടെ ഐഫോണ്‍ 6ന് മുകളിലുള്ള ഫോണുകളുടെ ബാറ്ററികള്‍ കുറഞ്ഞ വിലയ്ക്ക് മാറ്റി നല്‍കാന്‍ കമ്പനി സമ്മതിച്ചിരുന്നു.

 

Back to top button
error: