NEWS

റസിയ സുൽത്താൻ: ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി

ഴയ ഡൽഹിയിലെ ഇടുങ്ങിയ പാതകളിൽ ഒന്നായ  തുർക്ക്മാൻ ഗേറ്റിൽ നിന്ന് പ്രവേശിച്ച് പഹാരി ഭോജ്‌ലയുടെ ഇടുങ്ങിയ പാതകളിലൂടെ ബുൽബുലി ഖാന വരെ നടന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച ഒരു സിമന്റ് ഫലകം കാണാം.അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു Sultan Raziya’s Tomb .അതൊരു  ശവകുടീരം ആണ്. കടകളും വീടുകളും മറ്റ് അനധികൃത നിർമ്മാണത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ  കണ്ടെത്താൻ പ്രയാസമാണ്.
മുഗൾ ചരിത്രത്തിന്റെ താളുകളിൽ സ്ത്രീ ധൈര്യത്തിന്റെയും വിവേകത്തിന്റെയും ശക്തിയുടെയും പര്യായമായി ചരിത്രത്തിൽ ഇടംപിടിച്ച ധീരയായ സ്ത്രീ , മുഗൾ സാമ്രാജ്യം ഭരിച്ച  ഏക വനിത ചക്രവർത്തി റസിയ സുൽത്താന്റെ ശവകുടീരമാണിത്.പുരുഷന്റെ ലോകം കീഴടക്കിയ സ്ത്രീശക്തി ഒരു ഫലകത്തിൻ്റെ രൂപത്തിൽ മാത്രം ഇന്ന് അവശേഷിക്കുന്നു.ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അതിനുള്ളിൽ രണ്ട് കൽക്കുഴികൾ ഉണ്ട്, റജ്ജി ഷാജി (റസിയ, ഷാസിയ) എന്നറിയപ്പെടുന്നു. രണ്ടാമത്തെകുഴിമാടം സഹോദരി ഷാസിയയുടേതെന്ന് പറയപ്പെടുന്നു.എന്തായാലും ഇന്ന് ഈ സ്ഥലം വലിയ തോതിൽ അവഗണിക്കപ്പെട്ടിരിക്കുന്നു.  റസിയയുടെ ശവകുടീരത്തിന് മുകളിൽ ഒരു താഴികക്കുടം പണിതിരുന്നെന്നും, അവിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറിയെന്നും ആളുകൾ  അനുഗ്രഹം തേടി ഇവിടെ എത്തിയിരുന്നുവെന്നും   14-ാം നൂറ്റാണ്ടിലെ സഞ്ചാരി ഇബ്ൻ ബത്തൂത്ത പരാമർശിക്കുന്നു.
 ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, പ്രദേശവാസികൾ അതിനടുത്തായി ഒരു മസ്ജിദ് നിർമ്മിച്ചെങ്കിലും യാഥാസ്ഥിതിക മുസ്ലിങ്ങളുടെ ചട്ടത്തിനൊത്ത് നീങ്ങാത്ത പുരോഗമന ചിന്താഗതിക്കാരിയായ ഒരു ധീര വനിതയായിരുന്നു അവർ.1236 നവംബർ 10-ന് ജലലത്തുദ്ദീൻ റസിയ എന്ന ഔദ്യോഗിക നാമത്തിൽ അവർ സിംഹാസനം ഏറ്റെടുത്തപ്പോൾ, യാഥാസ്ഥിതിക മുസ്ലീങ്ങളുടെ രോഷം ക്ഷണിച്ചുവരുത്തിയ പർദ ഉൾപ്പെടെയുള്ള തന്റെ പരമ്പരാഗത മുസ്ലീം സ്ത്രീ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ അവൾ ബോധപൂർവമായ തീരുമാനമെടുത്തു. പകരം പുരുഷ ഭരണാധികാരികളെപ്പോലെ അവർ ധരിക്കുന്ന വസ്ത്രമാണ് അവർ സ്വീകരിച്ചത്.
‘സുൽത്താന’ എന്ന് അഭിസംബോധന ചെയ്യാനും റസിയ വിസമ്മതിച്ചതായി ചരിത്രം പറയുന്നു.
മൂന്നാമത്തെ ഡൽഹി സുൽത്താൻ ഇൽത്തുമിഷിന്റെയും  തുർക്കൻ ഖുതുബ് ബീഗത്തിന്റെയും മകളായി ജനിച്ച റസിയയുടെ കുടുംബം പ്രഭുക്കന്മാരുടെ വിഭാഗത്തിൽ പെട്ടവരായിരുന്നില്ല. വാസ്തവത്തിൽ, അവളുടെ പൂർവ്വിക വേരുകൾ തുർക്കി സെൽജൂക് അടിമകളിലേക്ക് വിരൽചൂണ്ടുന്നു. പിതാവായ ഇൽതുമിഷും യഥാർത്ഥത്തിൽ ദൽഹിയിലെത്തിയത് ഭരണാധികാരിയായ ഖുത്ബ് അൽ-ദീൻ ഐബക്കിന്റെ കീഴിൽ അടിമയായാണ്. മംലൂക്ക് രാജവംശം അഥവാ അടിമ രാജവംശത്തിന്റെ അടിത്തറ പാകിയത് ഐബക്കാണ്. ഇൽതുമിഷും ഒരു യുവ അടിമയായി വിൽക്കപ്പെടുകയും തന്റെ മുൻഗാമിയായ ഘോറിലെ മുഹമ്മദിന്റെ പിൻഗാമിയായി വരികയുമാണ് ചെയ്തത്.
ഖുത്ബ് അൽ-ദീൻ ഐബക്കിന്റെ വിശ്വസ്തനെന്ന നിലയിൽ, ഒരു പ്രവിശ്യാ ഗവർണർ സ്ഥാനം നേടാൻ ഇൽതുമിഷിന്റെ ധീരതയും സത്യസന്ധതയും തുണയായി.   ഐബക്കിക്ക്  തന്റെ മകൾ തുർക്കൻ ഖുതുബ് ബീഗത്തിനെ  ഇൽതുമിഷിന് വിവാഹം ചെയ്തു കൊടുത്തു. 1210-ൽ ഒരു ചൗഗാൻ (പോളോ പോലുള്ള ഗെയിം) അപകടത്തിൽ സുൽത്താൻ  ഐബക്ക് നിർഭാഗ്യവശാൽ മരണപ്പെട്ടു. തുടർന്ന്  അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മകൻ അരാം ബക്ഷ് സിംഹാസനം ഏറ്റെടുത്തു.
അരാം ഒരു സമർത്ഥനായ ഭരണാധികാരിയായിരുന്നെങ്കിലും   അരാമിന്റെ ഭരണത്തെ എതിർത്ത ‘ ചിഹൽഗാനി ‘ എന്ന നാൽപ്പത് തുർക്കി പ്രഭുക്കന്മാരുടെ ഒരു സംഘം – ഡൽഹിയിലെ സുൽത്താൻ എന്ന സ്ഥാനത്തേക്ക് ഇൽതുമിഷിനെ ക്ഷണിച്ചു. ഇത് ഡൽഹിക്കടുത്തുള്ള ബാഗ്-ഇ-ജൂദ് സമതലത്തിൽ അരാം ഷായും ഇൽതുമിഷും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചു, അവിടെ ഇൽതുമിഷ് അരാമിനെ പരാജയപ്പെടുത്തി 1211-ൽ സിംഹാസനത്തിൽ കയറി.
1229-ൽ ബംഗാൾ ഭരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മൂത്ത മകൻ നസീർ-ഉദ്-ദിൻ മഹ്മൂദ് മംഗോളിയരുമായി യുദ്ധത്തിൽ മരിച്ചതിനാൽ , മരണാസന്നനായ സുൽത്താൻ തന്റെ ജീവിച്ചിരിക്കുന്ന പുത്രന്മാരിൽ ആരെയും കഴിവുള്ള ഭരണാധികാരികളായി കണക്കാക്കിയില്ല. മരണക്കിടക്കയിൽ, തന്റെ മകൾ റസിയയെ തന്റെ അനന്തരാവകാശിയായി നാമനിർദ്ദേശം ചെയ്തുകൊണ്ട് സുൽത്താൻ ചരിത്രം തിരുത്തിയെഴുതി. ചരിത്രകാരനായ മിൻഹാജ്-ഉസ്-സിറാജിന്റെ അഭിപ്രായത്തിൽ, ജീവിച്ചിരിക്കുന്ന ആൺമക്കളുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ, റസിയ തന്റെ 20 ആൺമക്കൾക്ക് തുല്യമാണെന്ന  മറുപടിയാണ്  നൽകിയത്.  25 വർഷത്തെ വിജയകരമായ ഭരണത്തിന് ശേഷം, 1236-ൽ ഇൽത്തുമിഷ് അന്തരിച്ചു.
പിതാവ് നാമനിർദ്ദേശം ചെയ്തിട്ടും, ഒരു സ്ത്രീയെ ഭരിക്കാൻ പ്രഭുക്കന്മാരുടെ കോടതി റസിയയെ പിന്തുണച്ചില്ല. അവളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും മൂത്ത അർദ്ധ സഹോദരൻ റുക്‌നുദ്ദീൻ ഫിറൂസ് പകരം സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ടു. ഭരണം അമ്മ ഷാ തുർക്കന്റെ കൈകളിൽ ഏൽപ്പിച്ച്,  ഫിറൂസ് സുഖഭോഗങ്ങളിൽ ഏർപ്പെട്ടു. ഇത്  പ്രഭുക്കന്മാരെ രോഷാകുലരാക്കി. തുടർന്ന് റസിയയെ തങ്ങളുടെ സുൽത്താനായി സ്വീകരിക്കുകയല്ലാതെ പ്രഭുക്കന്മാർക്ക് മറ്റ് മാർഗമില്ലായിരുന്നു.
ജനങ്ങൾ അവളിൽ വിശ്വാസം അർപ്പിക്കുകയും ഡൽഹിയുടെ അഞ്ചാമത്തെ സുൽത്താനായി അവളെ സിംഹാസനത്തിലേക്ക് ഉയർത്തുകയും ചെയ്തു.സുൽത്താൻ റസിയ നാലു വർഷം (1236-1240) ഡൽഹി ഭരിച്ചു.
കുട്ടിക്കാലം മുതൽ, ഇൽത്തുമിഷും അദ്ദേഹത്തിന്റെ വിശ്വസ്ത അടിമയായ അബിസീനിയൻ മാലിക് യാക്കൂത്തും റസിയയെ യുദ്ധം, കുതിരസവാരി, നയതന്ത്രം, ഭരണം എന്നിവയിൽ പരിശീലിപ്പിച്ചിരുന്നു. അവളുടെ പിതാവിന്റെ മാർഗനിർദേശത്തിന് കീഴിൽ കോടതി കാര്യങ്ങളെയും സൈനിക കമാൻഡിനെയും സ്വാധീനിക്കുകയും ചെയ്തു. മുസ്ലീം കുടുംബത്തിലെ സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന ഗാർഹിക ഇടമായ ഹറമിലെ സ്ത്രീകളുമായി വളരെ കുറച്ച് ഇടപഴകലുകൾ മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ,
മുസ്ലിം ചിട്ടവട്ടങ്ങൾ അവർ ഒരിക്കലും ഉൾക്കൊണ്ടിരുന്നില്ല. ഇബ്‌നു ബത്തൂത  പറയുന്നതുപോലെ, “വില്ലും ആവനാഴിയും ധരിച്ച്, കൊട്ടാരം ഭരിക്കുന്നവരാൽ ചുറ്റപ്പെട്ട പുരുഷന്മാർ സവാരി ചെയ്യുമ്പോൾ അവൾ കുതിരപ്പുറത്ത് കയറി ഡൽഹിയുടെ തെരുവുകളിൽ കൂടി സഞ്ചരിച്ചു.അവർ മുഖം മറച്ചില്ല.സ്‌ത്രൈണവസ്‌ത്രങ്ങൾ അഴിച്ചുമാറ്റി ഒരു പുരുഷന്റെ മേലങ്കിയും അങ്കിയും തലപ്പാവും ധരിച്ചു.
തന്റെ ഭരണകാലത്ത് സ്കൂളുകൾ, അക്കാദമികൾ, ഗവേഷണ കേന്ദ്രങ്ങൾ, പൊതു ലൈബ്രറികൾ എന്നിവ അവർ സ്ഥാപിച്ചു. വംശീയത ഇല്ലാതാക്കുന്നതിനും രാജ്യത്തിന്റെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതിനുവേണ്ടിയും അവർ അഹോരാത്രം പ്രവർത്തിച്ചു. സ്‌കൂളുകളിലെയും കോളേജുകളിലെയും സിലബസിൽ ഖുറാൻ, പ്രശസ്തരായ പുരാതന തത്ത്വചിന്തകരുടെ കൃതികൾ, മുഹമ്മദിന്റെ പാരമ്പര്യങ്ങൾ, ശാസ്ത്രം, തത്ത്വചിന്ത, ജ്യോതിശാസ്ത്രം,വിവിധ ഹൈന്ദവ കൃതികൾ സാഹിത്യം എന്നിവ ഉൾപ്പെടുത്തി.
അവരുടെ പല പ്രവർത്തനങ്ങളും തുർക്കി പ്രഭുക്കന്മാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല ഇത് അപമാനമായി അവർ കണക്കാക്കി.
റസിയയുടെ അധികാരത്തിലേക്കുള്ള ഉയർച്ച പല തുർക്കി പ്രഭുക്കന്മാരിലും അസൂയ ജനിപ്പിച്ചു. റസിയയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ അന്നത്തെ ഭട്ടിൻഡ ഗവർണറായിരുന്ന മാലിക് ഇഖ്തിയാർ-ഉദ്-ദിൻ അൽതൂനിയയാണ് അത്തരത്തിലുള്ള ഒരു മഹാൻ. സിംഹാസനം കൈവശപ്പെടുത്താൻ റസിയയുടെ സഹോദരൻ മുഇസുദ്ദീൻ ബഹ്‌റാം ഷായെ സഹായിക്കാൻ അൽതൂനിയ ഒരു പദ്ധതി തയ്യാറാക്കി.
പിന്നീട്,  റസിയ അൽതൂനിയക്കെതിരെ യുദ്ധം ചെയ്തു. പക്ഷേ ദയനീയമായ പരാജയം ഏറ്റുവാങ്ങി. അൽതൂനിയ റസിയയെ ബത്തിൻഡയിലെ ഖിലാ മുബാറക്കിൽ തടവിലാക്കി.തുടർന്ന് അവരുടെ സഹോദരൻ ബഹ്‌റാം ഷായെ ഡൽഹിയുടെ സിംഹാസനത്തിലേക്ക് ഉയർത്തി. ഇതിനിടയിൽ, മരണത്തിൽ നിന്ന് രക്ഷപ്പെടാൻ  അൽത്തൂനിയ, റസിയയെ വിവാഹം കഴിക്കാൻ വാഗ്ദാനം ചെയ്യുകയും അവൾ അത് സ്വീകരിക്കുകയും ചെയ്തു.
1240 സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ റസിയയുടെയും അൽതൂനിയയുടെയും സൈന്യം ബഹ്‌റാം ഷായെ ആക്രമിച്ചു. എന്നാൽ   (ഒക്‌ടോബർ 1240) 14-ന് ബഹ്‌റാമിന്റെ സൈന്യം ഭാര്യാഭർത്താക്കന്മാരെ പരാജയപ്പെടുത്തി.ഡൽഹിയിൽ നിന്ന് രക്ഷപ്പെട്ട ഇവർ അടുത്ത ദിവസം കൈതാലിൽ (ഹരിയാന) എത്തി. ബാക്കി  സൈനികരും  അവരെ ഉപേക്ഷിച്ചു. പിറ്റെ ദിവസം  1240 ഒക്ടോബർ 15ന് ? ഹിന്ദു ജാട്ടുകൾ അവരെ പിടികൂടി, കൊള്ളയടിച്ചു ശിരഛേദം ചെയ്തു.  അങ്ങനെ 35-ാം വയസ്സിൽ ഡൽഹിയി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി ചരിത്രമായി.
പിന്നീട് കൈതാളിൽ നിന്ന്  ഡൽഹിയിലെത്തിച്ച് മൃതദേഹം സംസ്കരിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു എന്തായാലും ഒരു ശിലാഫലകവും പൊട്ടിപ്പൊളിഞ്ഞ രണ്ടു ഖബറിടവും മാത്രമാണ് അവിടെ ശേഷിച്ചിരിക്കുന്നത്.

Back to top button
error: