പാര്‍ട്ടി ഫണ്ട് വിവാദം: എം.എല്‍.എയെ തരംതാഴ്ത്തി സി.പി.എം.; പരാതിക്കാരന് എതിരേയും നടപടി

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പരാതിക്കാരന്‍

കണ്ണൂര്‍: പാര്‍ട്ടിയുടെ വിവിധ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനനെ തരംതാഴ്ത്തി സി.പി.എം. ടിഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയത്. രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. കെകെ ഗംഗാധരന്‍, ടി വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം. എംവി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്നും മാറ്റി. സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് പകരം ചുമതല നല്‍കി.

തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ നടപടി വന്നതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. സ്ഥാനാര്‍ഥി എന്ന നിലിയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എംഎല്‍എക്കെതിരെ നടപടി എടുത്തത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നായിരുന്നു ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്. തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായ ആരോപണങ്ങള്‍ പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്‍കിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരില്‍ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.

നാലുവര്‍ഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ടുനേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിന്‍വലിക്കുകയുംചെയ്തു. കേസ് നടത്തിപ്പിനാണ് തുക പിന്‍വലിച്ചതെന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരംപറയാനില്ലാത്ത സ്ഥിതിയിലാണ് ബന്ധപ്പെട്ടവര്‍. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിര്‍മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരില്‍നിന്ന് 15,000 രൂപവീതം. അതില്‍ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്. പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനല്‍കിയതും പിടിക്കപ്പെട്ടു. നിലവില്‍ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുന്‍ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ടായിരുന്നു.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മധുസൂധനന്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമര്‍ശനമുണ്ടായത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനന്‍ ഉള്‍പ്പെടെ പയ്യന്നൂരില്‍ നിന്നുള്ള ആറ് പേര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടി.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version