സോളാര്‍ പീഡനം: പി.സി. ജോര്‍ജ്, ലതികാ സുഭാഷ് എന്നിവരുടെ മൊഴിയെടുത്ത് സി.ബി.ഐ.

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ്, എന്‍സിപി നേതാവ് ലതികാ സുഭാഷ് എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സോളാര്‍ കേസിനെ കുറിച്ച് മുമ്പ് രണ്ടു നേതാക്കളും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

കൊച്ചിയില്‍ വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. സോളാര്‍ പദ്ധതിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളും, എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഇവരുടെ മൊഴിയെടുത്തത്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പി സി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍.

ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. മൊഴിയില്‍ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്.

നാലുവര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സബിഐക്ക് കൈമാറിയത്. 16 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സര്‍ക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്തുപേര്‍ക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version