Breaking NewsNEWS

അഗ്നിപഥില്‍ ബിഹാര്‍ കത്തുന്നു: ഇന്നും ട്രെയിനുകള്‍ക്കു തീയിട്ടു; ഫലം കാണാതെ കേന്ദ്ര ഇടപെടല്‍

ന്യൂഡല്‍ഹി: ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്രം നടത്തിയ ഇടപെടല്‍ ഫലം കണ്ടില്ല. ബിഹാറില്‍ വീണ്ടും വ്യാപക അക്രമം. അക്രമികള്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. സമസ്തിപൂരിലും ലക്കിസരായിയിലുമാണ് നിര്‍ത്തിയിട്ട ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചത്. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിനും വിക്രംശില എക്‌സ്പ്രസിനുമാണ് തീയിട്ടത്.

ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്‌സര്‍, ലഖിസരായി,ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.

‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ഇന്നലെ രാത്രി കേന്ദ്രം നടത്തിയ ഇടപെടല്‍ പ്രതിഷേധക്കാരെ ഒട്ടും തണുപ്പിച്ചിട്ടില്ല.നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 23 വയസിലേക്കാണ് ഇന്നലെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്.

പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധങ്ങളില്‍ അയവുവരുത്താന്‍ ഈ നീക്കങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്.

ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നൂറിലധികം വരുന്ന പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ട ട്രെയിനും സ്‌റ്റേഷനും അടിച്ചു തകര്‍ത്തു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്ഗഡിലും പ്രതിഷേധം ഉണ്ടായി.

പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധികൃതര്‍ വിച്ഛേദിച്ചു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനുമുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.

Back to top button
error: