KeralaNEWS

വിമാനത്തിലെ പ്രതിഷേധം: ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്; പാഞ്ഞടുത്ത് ആക്രമിച്ചത് ജയരാജനെന്ന് വാദം

കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേയുണ്ടായ പ്രതിഷേധെത്തത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യ ഹര്‍ജി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ ആണ് ഹര്‍ജി നല്‍കിയത്. വധശ്രമക്കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നും മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്തു പോകുകയോ ചെയ്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യില്‍ വയ്ക്കുകയോ ആക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തില്‍ വച്ച് ഇപി ജയരാജനും ഗണ്‍മാനും തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനില്‍ക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം തന്നെയാണെന്നും ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍ അക്രമികള്‍ പാഞ്ഞടുത്തത്് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്.

മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. ഇതു പിന്നീട് തിരിച്ചടിയായ സാഹചര്യത്തില്‍ മുമ്പ് പറഞ്ഞത് തിരുത്തുന്നതാണ് പുതിയ ലേഖനം.

Back to top button
error: