IndiaNEWS

കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചു; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമര്‍ശം സായ് പല്ലവി നടത്തിയത്.

വിരാട പര്‍വ്വം എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോഴായിരുന്നു സംഭവം. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചതാണ് പരാമര്‍ശം വിവാദമാകാന്‍ ഇടയാക്കിയത്. നടിയുടെ അഭിമുഖം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സുല്‍ത്താന്‍ ബസാര്‍ പോലീസ് അറിയിച്ചു.

നടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ചോദ്യകര്‍ത്താവ് ആരാഞ്ഞപ്പോഴാണ് സായ് പല്ലവി വിവാദ പരാമര്‍ശം നടത്തിയത്. താന്‍ നിഷ്പക്ഷമായി ചിന്തിക്കുന്നയാളാണെന്നും വളര്‍ന്നുവന്നത് അത്തരമൊരു സാഹചര്യത്തിലാണെന്നും സായ് പല്ലവി പറഞ്ഞു. ഇടതുപക്ഷമാണോ വലതുപക്ഷമാണോ ശരിയെന്ന് ചോദിച്ചാല്‍ അതിനുത്തരം തനിക്ക് പറയാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട വംശഹത്യയും പശുക്കടത്തിനെ തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങളും ഒരേതട്ടിലാണെന്ന് സായ് പല്ലവി അഭിപ്രായപ്പെട്ടത്. ഇതോടെ നടിയുടെ അഭിമുഖം വൈറലാകുകയും വിവാദ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയാകുകയുമായിരുന്നു.

 

Back to top button
error: