ദിലീപിന് പിന്തുണയുമായി നടൻ മധു, ദിലീപ് അത് ചെയ്യുമെന്നു വിശ്വസിക്കുന്നില്ല, നടിയെ വീട്ടുകാർ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നെങ്കിൽ ഈ വാർത്തയൊന്നും കാണേണ്ടി വരില്ലായിരുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ തള്ളിപ്പറഞ്ഞ് ദിലീപിനെ പിൻതുണച്ച് മുതിർന്ന നടൻ മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്നാഗ്രഹിക്കുന്നു. നടിയെ വീട്ടുകാർ രാത്രി ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നു എങ്കിൽ ഇതൊന്നും വാർത്തയായി കാണേണ്ടി വരില്ലായിരുന്നു, മധു പറഞ്ഞു.

കേസിനെ കുറിച്ച് കേൾക്കുമ്പോഴെല്ലാം താൻ ആലോചിക്കുന്നത് രാത്രി ആരെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കാറിൽ ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ എന്നതാണ്. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെയോ അങ്ങനെ പറഞ്ഞയക്കുന്നത് കണ്ടിട്ടില്ല. അതിപ്പോൾ നടിയോ, ഐപിഎസോ ആരുമായിക്കോട്ടെ. ആണുങ്ങൾ പോലും അങ്ങനെ പോകാറില്ല. ഇതു താൻ ആരെയും കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മധു കൂട്ടിച്ചേർത്തു.

“നടിമാരായ അടൂർ ഭവാനിയോ, അടൂർ പങ്കജമോ, നമ്മുടെ പൊന്നമ്മയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറിൽ സഞ്ചരിച്ച് ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ കൂടെ മേക്കപ് ചെയ്യുന്നവരോ ഹെയർ സ്‌റ്റൈലിസ്റ്റോ അല്ലെങ്കിൽ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവരാരും രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി എനിക്ക് അറിയില്ല…”  മധു പറഞ്ഞു.

ദിലീപ് ഇനി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെ എന്ന് താൻ ആഗ്രഹിക്കുന്നു. ഇതിന് പിന്നിൽ എന്തൊക്കെയോ ഉണ്ട്. ടിവി ഓൺ ചെയ്ത് കഴിഞ്ഞാൽ ഭൂരിഭാഗം വാർത്തയും ദിലീപ് കേസിനെ കുറിച്ചാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ല. ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാർ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കിൽ ഇന്ന് തനിക്ക് ടിവിയിൽ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് ആലോചിക്കാറുണ്ടെന്നും മധു കൂട്ടിച്ചേർത്തു.

സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മധുവിൻ്റെ പരാമർശം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version