KeralaNEWS

സ്വപ്നയുടെ ആരോപണം വാസ്തവവിരുദ്ധം; ഫ്ലൈ ജാക് കമ്പനി തന്‍റെ ഉടമസ്ഥതയിലല്ലെന്നും മാധവ വാര്യര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണം വാസ്തവവിരുദ്ധമെന്ന് മാധവ വാര്യര്‍. കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധങ്ങളില്ല. ഫ്ലൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്‍റേത് അല്ല എന്നും മാധവ വാര്യര്‍ പറഞ്ഞു.

ഫ്ലൈ ജാക് 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന ഒരു ജാപ്പനീസ് കമ്പനി വാങ്ങി. 2014ല്‍ കമ്പനിയില്‍ നിന്ന് താന്‍ എംഡിയായി വിരമിച്ചു. ഔദ്യോഗികമായി തനിക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ല. ഈന്തപ്പഴവും ഖുറാനുമൊക്കെ അതേ കമ്പനി വഴി കൊണ്ടുവന്നു എന്ന സ്വപ്നയുടെ വാദവും തെറ്റാണ്. കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കെ ടി ജലീല്‍ വളരെ ബഹുമാന്യനായ മുന്‍ മന്ത്രിയാണ്. അദ്ദേഹം നല്ലൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മാധവ വാര്യര്‍ പറഞ്ഞു.

ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ ടി ജലീലിന്‍റെ ബിനാമി ആണെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, എം ശിവശങ്കർ അടക്കം ഉൾപ്പെട്ട് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതുൾപ്പെട്ട തന്‍റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് കെ ടി ജലീൽ ശ്രമിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞത്.

Back to top button
error: