NEWS

പ്രണയവും പണവും നൽകുന്ന ഒരു പൂവ്;വില കോടികൾ

തിനഞ്ച് വർഷം മുമ്പ് മൈക്രോസോഫ്റ്റ് വിൻഡോസ് XP-യുടെ ഡെസ്ക്‌ടോപ്പ് ബാക്ക്ഗ്രൗണ്ടിലാണ് റ്റുലപ് പൂക്കളെ ആദ്യമായി കണ്ടത്.അതുല്യ സൗന്ദര്യമുള്ള മഞ്ഞപ്പൂക്കൾ.പിന്നീട് ഷങ്കറിന്റെ ‘അന്യനി’ൽ, ‘കുമാരീ’ എന്ന് തുടങ്ങുന്ന പാട്ടിൽ ഓസ്‌ട്രേലിയയിലെ ഒരു റ്റുലപ് ഫീൽഡ് ആകാശക്കാഴ്ചയിൽ ഉജ്ജ്വലമായ ഒരു പെയിന്റിങ്ങ് പോലെ തോന്നി,
അർധ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയിൽ പ്രേമിക്കുന്ന നായകനും നായികയും, പശ്ചാത്തലത്തിൽ ഒരു വിൻഡ്മിൽ.
മഞ്ഞ മാത്രമല്ല, റ്റുലപിന്റെ ഇതളുകളിൽ ചുവപ്പും പിങ്കും വെള്ളയും ജ്വലിക്കും.
ആയിരം വർഷം മുമ്പ് ചൈനയിലെ പർവ്വതങ്ങളിൽ അവയുണ്ടായിരുന്നു.
പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ രാജധാനിയെ അലങ്കരിച്ചു.പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെത്തി. ആദ്യം വിയന്നയിൽ, പിന്നാലെ ഡച്ചുകാരുടെ പ്രണയഭാജനം.ഡച്ച് ഗോൾഡൻ ഏജിന്റെ പ്രതീകവും സമ്പദ് വ്യവസ്ഥയുടെ ചാലകവുമായി റ്റുലപ്. പ്രതിഭാശാലിയായ ഡച്ച് പെയിന്റർ റെംബ്രാന്റ് ചിത്രങ്ങളിലൂടെ പൂവിനെ അനശ്വരമാക്കി. കൊളോണിയൽ കാലത്തെ കുലീന ഭവനങ്ങളിലെ പൂന്തോട്ടങ്ങളേയും പൂപാത്രങ്ങളേയൂം ധന്യമാക്കുന്നതിനൊപ്പം റ്റുലപ് കയറ്റുമതിയിലൂടെ രാജ്യത്തെ സമ്പന്നമാക്കി.
പല സിനിമകളിലും കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന റ്റുലപ് വിപണിയുടെ തകർച്ച പിന്നീട് Tulip mania, Dutch tulip bulb market bubble എന്നെല്ലാം അറിയപ്പെട്ടു. 1634 -37 കാലഘട്ടത്തിൽ, നെതർലൻഡ്സിൽ ഉച്ചസ്ഥായിൽ എത്തിയ റ്റുലപ് വിപണിയിലെ ഊഹക്കച്ചവടമാണ് പരാമർശം.രാജ്യത്തെ സമ്പന്നമായ വ്യാപാരി വർഗത്തിന്റെ പൂന്തോട്ടവും സ്വീകരണമുറിയും അലങ്കരിച്ച ഈ പൂവ് അഭിമാന ചിഹ്നമായി മാറിയിരുന്നു. തുടക്കത്തിൽ പറിച്ചു മാറ്റി വയ്ക്കാൻ ബുദ്ധിമുട്ടായിരുന്നു. പൂക്കാൻ വർഷങ്ങളെടുക്കും. വർധിച്ച വിപണിമൂല്യം കർഷകരേയും വ്യാപാരികളേയും പുതിയ കൃഷിരീതികളിലേക്ക് നയിച്ചു, അവർ കുറഞ്ഞ കാലം കൊണ്ട് പൂക്കുന്ന ചെടികൾ വികസിപ്പിച്ചു. ഒരിക്കൽ വൈറസ് ബാധ പൂക്കളിൽ ആകർഷകമായ പാറ്റേണുകൾ ഉണ്ടാക്കി ആസ്വാദകരെ ആകർഷിച്ചു, പൂവിന്റെ വിലയും കൂടി. വെളുത്ത ഇതളുകളിൽ നേർത്ത ചുവന്ന വരകൾ. ‘സെംപർ അഗസ്റ്റസ്’- വിപണിയിലെ രാജാവായ പുഷ്പം.
റ്റുലപിന്റെ വർധിച്ച സ്വീകാര്യത വിപണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. മറ്റു തൊഴിലുകൾ ഉപേക്ഷിച്ച് ആളുകൾ മാർക്കറ്റിൽ ഇറങ്ങി, പെട്ടെന്ന് പണമുണ്ടാക്കാൻ നെട്ടോട്ടം. അപൂർവമായ
റ്റുലപ് വിത്തുകൾ കയ്യിലുള്ളവരെ കാശുകാരായി എണ്ണി. വിത്തുകൾക്ക് പെയിന്റിങ്ങോ രത്നശേഖരമോ പോലെ വർധിത മൂല്യം കൈവന്നു. എന്നാൽ അതൊരു മിഥ്യയായിരുന്നു. പൂവിന്റെ വില പലമടങ്ങ് ഉയർത്തിയാണ് കച്ചവടം നടന്നു വന്നത്. ഒരു സമയത്ത് കൈത്തൊഴിലാളിയുടെ ഒരു വർഷത്തെ വരുമാനത്തിന് തുല്യമായി വിത്തിന്റെ വില. വീണ്ടും ഉയർന്ന് ആംസ്റ്റർഡാമിലെ ഗ്രാന്റ് കനാലിനരുകിലെ മണിമാളികയുടെ വിലയ്ക്ക് തുല്യമായി.
മറ്റു നഗരങ്ങളായ റോട്ടർഡാമിലേക്കും ഹാർലെമിലേക്കും ഭ്രാന്ത് പടർന്നു. അടുത്ത സീസൺ മുന്നിൽ കണ്ട് മുൻകൂർ വാണിഭവും പ്രബലമായി. പലരും കടം വാങ്ങിയാണ് റ്റുലപ് വിത്ത് കയ്യിൽ വച്ചിരുന്നത്. വിറ്റുപോകുമ്പോൾ ലാഭം ഉപയോഗിച്ച് കടം വീട്ടാം. സാധനം കയ്യിൽ ഇല്ലാതെ വരെ വിലപേശലും കച്ചവടം ഉറപ്പിക്കലും പതിവായി. ഊതിവീർപ്പിച്ച കുമിളകൾ പൊട്ടും! വീഴ്ച ഭീകരമായിരിക്കും.
ഉപഭോക്താക്കളുടെ ആവശ്യകത തീർന്നു.
വില എല്ലാ പരിധിയും വിട്ടതോടെ വാങ്ങാൻ ആളില്ലാതായി.മാനം മുട്ടിയ വിലകൾ ഭൂമിയെ തൊട്ടു.വിത്ത് കയ്യിലുള്ളവർ പേടികയറി കിട്ടിയ വിലയ്ക്ക് വിറ്റു.കുമിള പൊട്ടി, മറ്റെല്ലാം വിട്ട് കച്ചവടത്തിന് ഇറങ്ങിയവരുടെ കാര്യം പറയേണ്ടതില്ലല്ലോ !!
ആ സംഭവത്തിനു ശേഷം ഒരു മാർക്കറ്റ് ക്രാഷ് സംഭവിച്ചാൽ റ്റുലപ് മാനിയയോട് താരതമ്യം ചെയ്യും. 1729- ലണ്ടൻ സൗത്ത് സീ ക്രാഷ്,
1840- റെയിൽവേ മാനിയ, 1929- വോൾ സ്ട്രീറ്റ് ക്രാഷ്, 1999- ഡോട്ട് കോം ബബിൾ, 2008- അമേരിക്കൻ ക്രെഡിറ്റ് ക്രഞ്ച്, 2015- എണ്ണ വീപണിയുടെ തകർച്ച. റ്റുലപ് ഭ്രാന്തിനെ പറ്റിയുള്ള ആധുനിക കാഴ്ചപ്പാട് രൂപം കൊണ്ടത് സ്കോട്ടിഷ് ജേർണലിസ്റ്റ് ചാൾസ്‌ മാക്കേ എഴുതിയ പുസ്തകം വഴിയാണ് (Extraordinary popular delusions and the madness of the crowds, 1841).17-18 നൂറ്റാണ്ടുകളിലെ ചില സറ്റയറിക്കൽ പെയിന്റിങ്ങുകളിൽ, തുലിപ് കച്ചവടക്കാരെ സ്വപ്ന സഞ്ചാരികളായും കുരങ്ങൻമാരായും ചിത്രീകരിച്ചിരുന്നു.
റ്റുലപിനോടുള്ള ഡച്ച് പ്രണയം ഇന്നും തുടരുന്നു, ഇപ്പോഴും യൂറോപ്യൻ മാർക്കറ്റിലെ പ്രധാനി.എങ്കിലും ഈ പൂവ് കാണുമ്പോൾ ഡച്ച് പൂപ്പാടങ്ങളാണ് ഓർമ വരിക.ഏപ്രിൽ-മേയ് മാസങ്ങളിൽ ലിസ്സെയിലെ ക്യൂക്കൻഹോഫ് ഗാർഡനിൽ എഴുപത് ലക്ഷം റ്റുലപ് പൂക്കൾ വിടരും, എണ്ണൂറ് വ്യത്യസ്ത തരം !!

Back to top button
error: