CrimeNEWS

കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, കാവ്യയുടെ ബാങ്ക് ലോക്കറിലെ വിവരങ്ങൾ തേടുന്നു പൊലീസ്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം 16ന് സമർപ്പിക്കണം

ടിയെ ആക്രമിച്ച കേസിൽ  ക്രൈംബ്രാഞ്ച് കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി  രേഖപ്പെടുത്തി. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. മൂവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷം ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്

കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യക്ക് പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു എന്നും അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നുമുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് അച്ഛന്‍ മാധവന്റെ മൊഴിയെടുത്തത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ കൂടുതലും. ഈ നമ്പര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കാവ്യപറയുന്നത് നുണയാണെന്നും കാവ്യയുടെ അമ്മയുടെ പേരിലാണ് സിം എടുത്തതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത തേടാനാണ് കാവ്യയുടെ അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്.
ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽ നിന്ന്‌ ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ്‌ ഈ നമ്പറിലുള്ള സിം കാർഡ്‌ എടുത്തതെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണ സംഘം ശ്യാമളയില്‍ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്‌റ്ററിലുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യ ഉപയോഗിച്ചിരുന്നതായി തെളിവും ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിരുന്നു. കേസ്‌ അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അച്ഛന്‍റെ സഹായത്തോടെയാണ് കാവ്യ ബാങ്കിടപാടുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം, കാവ്യ മാധവന്‌ കേസിൽ പങ്കുള്ളതായി സൂചിപ്പിക്കുന്ന തരത്തില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ടി.എൻ സുരാജും സുഹൃത്ത് ശരത്തുമായി സംസാരിക്കുന്ന ശബ്‌ദരേഖ നേരത്തെ പുറത്തു വന്നിരുന്നു. സുരാജ് ഇത്തരത്തില്‍ സംസാരിക്കാനിടയായ സാഹര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു സബിതയെ ചോദ്യം ചെയ്‌തത്‌.
തുടരന്വേഷണം ജൂലൈ 15നകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലുകളും മറ്റ് നടപടികളും വേഗത്തിലാക്കുകയാണ് ക്രൈംബ്രാഞ്ച്.

Back to top button
error: