NEWS

നാലു മാസം പ്രായം മുതൽ സിനിമയുടെ ഭാഗം: അറിയാം ചാർളി എന്ന നായയെ

777 ചാർളി എന്ന സിനിമ ശ്വാനപ്രേമികളുടെ മനസ് കീഴടക്കി പ്രദർശനം തുടരുകയാണ്. നായയെ കേന്ദ്ര കഥാപാത്രമാക്കി കെ. കിരൺരാജ് സംവിധാനം ചെയ്ത കന്നഡ സിനിമയാണ് 777 ചാർളി. എങ്കിലും പാൻ ഇന്ത്യ ചിത്രമായി ഇന്ത്യയിലെ മുഴുവൻ ശ്വാനപ്രേമികളുടെ അടുത്തേക്കും ചിത്രമെത്തി.
നായ്ക്കളെ അഡോപ്റ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഉടമയും നായയും തമ്മിലുള്ള സ്നേഹബന്ധവുമെല്ലാമാണ് സിനിമയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. രക്ഷിത് ഷെട്ടി നായകായ ചിത്രത്തിൽ ചാർളി എന്ന നായയ്ക്കുതന്നെയായിരുന്നു പ്രധാന്യം നൽകിയിരിക്കുന്നതും. എന്നാൽ, നായ്ക്കുട്ടി സിനിമയിൽ എത്തിയതുതന്നെ ചില പ്രത്യേകതകളിലൂടെയാണ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരുതന്നെയാണ് നായയ്ക്കു നൽകിയിരിക്കുന്നത്.എന്നാൽ, പേരിലൂടെ ആൺനായ ആണെന്നു തോന്നുമെങ്കിലും സത്യം അതല്ല, ചാർളി പെൺകുട്ടിയാണ്…
777 ചാർളി എന്ന സിനിമയ്ക്കായി നായ്ക്കുട്ടികളുടെ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയിലാണ് സംവിധായകൻ കിരൺരാജിന്റെ സുഹൃത്തിന്റെ പക്കൽ ലാബ്രഡോർ റിട്രീവർ നായ്ക്കുട്ടികൾ ഉള്ളതായി അറിയുന്നത്. ഹൈപ്പർ ആക്ടീവ് സ്വഭാവം കാരണം ഒരാളെ നിയന്ത്രിക്കാൻ അവർക്ക് ആവുന്നുണ്ടായിരുന്നില്ല. വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുക, അനുസരിക്കാതിരിക്കുക എന്നിങ്ങനെ തലവേദന നൽകുന്ന സ്വഭാവം. ഓഡിഷനിലും ഫോട്ടോഷൂട്ടിലും എത്തിയ നായ്ക്കുട്ടികളിൽ തൃപ്തനായിരുന്നില്ല കിരൺരാജ്. അതുകൊണ്ടുതന്നെ ആ നായ്ക്കുട്ടിയെ കാണാൻ അദ്ദേഹവും സംഘവും പോയി.
നാലു മാസമാണ് പ്രായമെങ്കിലും കക്ഷി ചില്ലറക്കാരിയായിരുന്നില്ല. അടങ്ങിയിരിക്കില്ലാത്ത പ്രകൃതം. എപ്പോഴും ചുറുചുറക്കോടെ പാഞ്ഞുനടക്കുന്നു. തങ്ങള്‍ തേടിനടന്ന നായയുടെ സ്വഭാവം ആ കൊച്ചു നായയിൽ കണ്ടതോടെ കിരൺരാജ് ഹാപ്പി… ഹാപ്പി…
അങ്ങനെ നാലു മാസം പ്രായമുള്ളപ്പോൾ കിരൺരാജ് അഡോപ്റ്റ് ചെയ്തതിലൂടെ ചാർളി എന്ന പേരു സ്വീകരിച്ച് നായ്ക്കുട്ടി സിനിമയുടെ ഭാഗമായി. തുടർന്ന് 8 മാസത്തെ പരിശീലനം. അവളുടെ വളർച്ച അനുസരിച്ച് സിനിമയുടെ ഷെഡ്യൂൾ നിശ്ചയിച്ചു. അങ്ങനെ മൂന്നര വർഷംകൊണ്ടാണ് 777 ചാർളി പൂർത്തിയായത്. ബി.സി.പ്രമോദ് ആണ് സിനിമയ്ക്കായി ചാർളിയെ പരിശീലിപ്പിച്ചത്.
മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭിനയം അത്ര പ്രശ്നമുള്ളതല്ല. എന്നാൽ നായ്ക്കളുടെ കാര്യത്തിൽ അങ്ങനല്ലെന്ന് പ്രമോദ്. തുടർച്ചയായി കാമറയുടെ മുന്നിൽ നിർത്താൻ കഴിയില്ല. 15 മിനിറ്റ് ടേക്ക് എടുത്താൽ 45 മിനിറ്റ് വിശ്രമം എന്ന രീതിയിലാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. വിശ്രമിക്കാൻ പ്രത്യേക കാരവനും ചാർളിക്കുണ്ടായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. നായകനും സംവിധായകനും നായികയുമൊക്കെ പുറത്തിരിക്കുമ്പോൾ പ്രത്യേക കാരവനിൽ എസിയുടെ തണുപ്പിൽ സുഖവിശ്രമത്തിലായിരിക്കും ചാർളി. 25 ടേക്ക് പോയ സീൻ വരെയുണ്ടായിരുന്നുവെന്നും പ്രമോദ് പറഞ്ഞു.

Back to top button
error: