കൃഷിയിലേക്കു തിരിയണം; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കി ലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൂടി അധിഖ അവധി നല്‍കി ശ്രീലങ്ക. രാജ്യം കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതു മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷിചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയാണു പ്രധാനലക്ഷ്യം.

ഇതിനൊപ്പം ഇന്ധനക്ഷാമം മൂലം ജോലിക്കെത്താന്‍ പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്കു നടപടി ആശ്വാസമാകുകയും ചെയ്യും. കൃഷിക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശനാണ്യശേഖരത്തിലെ വന്‍ ഇടിവു മൂലം ശ്രീലങ്ക ഭക്ഷ്യവസ്തുക്കളും മരുന്നും ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യാന്‍ പാടുപെടുകയാണ്.

അടുത്ത മൂന്നു മാസത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ജീവനക്കാര്‍ക്ക് അവധി നല്‍കുക എന്ന നിര്‍ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. 10 ലക്ഷത്തോളം പൊതുമേഖലാ ജീവനക്കാരാണു രാജ്യത്തുള്ളത്. അതിനിടെ, ശ്രീലങ്കയെ സഹായിക്കാന്‍ തയാറാണെന്ന് യു.എസ്. അറിയിച്ചു.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഫോണില്‍ വിളിച്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് സഹായവാഗ്ദാനം മുന്നോട്ടുവച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version