NEWS

തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ

പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നീട്ടി. 2020 ൽ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വച്ച് ചേർന്ന ടൈം ടേബിൾ കമ്മിറ്റിയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
 തിരുവനന്തപുരത്ത് നിന്നും കോട്ടയം, എറണാകുളം ടൗൺ, പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജംഗ്ഷൻ,ഉദുമൽപേട്ട്, പഴനി,ദിണ്ഡിഗൽ ജംഗ്ഷൻ, മധുരൈ, മാനാമധുര, രാമനാഥപുരം വഴിയാണ് വണ്ടി രാമേശ്വരത്ത് എത്തുക.
നിലവിൽ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30 നാണ് അമൃത എക്സ്പ്രസ് പുറപ്പെടുന്നത്.രാവിലെ 10.10 ന് മധുരയിൽ എത്തിച്ചേരും.രാമേശ്വരത്തേക്ക് നീട്ടുമ്പോൾ നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരും.പുതിയ റെയിൽവേ ടൈം ടേബിളിൽ രാമേശ്വരത്തേക്ക് നീട്ടിയതും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമയക്രമമായിരിക്കും ഉണ്ടാകുക.
പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും,ഗുരുവായൂര്‍-പുനല്ലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും ഇതേപോലെ സർവീസ് ദീർഘിപ്പിച്ചിട്ടുണ്ട്.അതേസമയം കോയമ്പത്തൂരോ,ചെങ്കോട്ടയിലോ, നാഗർകോവിലോ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഒന്നും കേരളത്തിലേക്ക് നീട്ടാൻ റയിൽവെ താൽപ്പര്യപ്പെട്ടിട്ടില്ല.ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം വരെ നീട്ടാനുളള ശുപാര്‍ശയും റെയില്‍വേ അംഗീകരിച്ചില്ല.
തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത എക്സ്പ്രസ് ആദ്യം പഴനിയിലേക്കും പിന്നീട് മധുരയിലേക്കും ഇപ്പോൾ രാമേശ്വരത്തേക്കും നീട്ടുമ്പോഴാണ് ഇത്.

Back to top button
error: