അറിയാവുന്നതെല്ലാം പറയുമെന്ന്, ഷാജ് കിരണ്‍ ചോദ്യംചെയ്യലിന് പോലീസ് ക്ലബില്‍

കൊച്ചി: സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍െ്‌റ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്ന ഷാജ് കിരണ്‍ ചോദ്യംചെയ്യലിന് ഹാജരായി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും കൊച്ചി പോലീസ് ക്ലബില്‍ എത്തിയത്. വിശദമായ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നും കഴിഞ്ഞദിവസം താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിനോട് വിശദീകരിക്കുമെന്നും ചോദ്യംചെയ്യലിന് മുമ്പ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ദിവസങ്ങളിലുണ്ടായ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയും. സംഭവത്തില്‍ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ട്. തന്നെ ഇതില്‍ പെടുത്തിയതാണെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഷാജ് കിരണ്‍ വീട്ടിലെത്തി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.

സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണില്‍ സ്വപ്നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാല്‍ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടില്‍ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഷാജ് കിരണ്‍ ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അതേസമയം, ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് ഷാജ് കിരണ്‍ പറയുന്നത്. രാവിലെ വിളിച്ച് കൊച്ചിയിലുണ്ടോ എന്ന് ചോദിച്ചെന്നും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മൊഴിയെടുക്കാന്‍ വരണമെന്നും പോലീസ് പറഞ്ഞതായാണ് ഷാജ് കിരണിന്റെ പ്രതികരണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version