IndiaNEWS

രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി

ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ദില്ലിയിൽ തുടങ്ങി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം,  സിപിഐ, മുസ്ലിം ലീഗ്, ആർഎസ്‍പി, സമാജ്‍വാദി പാർട്ടി, ആർഎൽഡി, ശിവസേന, എൻസിപി, ഡിഎംകെ, പിഡിപി, എൻസി, ആർജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മമത ബാനർജി വിളിച്ച യോഗത്തിൽ അഖിലേഷ് യാദവും പങ്കെടുക്കുന്നുണ്ടെങ്കിലും ടിആർഎസ്, ബിജെഡി, ആം ആദ്മി പാർട്ടി, അകാലിദൾ എന്നിവർ വിട്ടുനിർക്കുകയാണ്.

അതേസമയം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാ‍ർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന്  കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റിരുന്നു. സ്ഥാനാർത്ഥിയാകാനില്ലെന്ന്  ഇടത് നേതാക്കളെ അറിയിച്ച ശരദ് പവാർ, ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു.

സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും  സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ വിമുഖത അറിയിച്ചത്.   സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു.

പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും.

രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്.

എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കും. ദില്ലിയിലാണ് വോട്ടെണ്ണൽ. അതുകൊണ്ട് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നതിനായി പ്രത്യേക വിമാനത്തിൽ തന്നെ ദില്ലിയിലും എത്തിക്കും. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും.

തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം ഈ മാസം 15ന് പുറത്തിറക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ അറിയിച്ചു. നാമനിർ‍ദേശം നൽകാനുള്ള അവസാന തീയതി ഈ മാസം 29 ആണ്. നാമനിർ‍ദേശം നൽകാനുള്ള അവസാന തീയതി ഈ മാസം 29ന് ആണ്. ജൂൺ 30നാണ് സൂക്ഷ്മ പരിശോധന.  നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്. രാജ്യസഭ സെക്രട്ടറി ജനറലാണ് വരണാധികാരി.

Back to top button
error: