IndiaNEWS

ദളിത് യുവാവിനെ പ്രണയിച്ച 17കാരിയായ മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്നു, തന്നെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന പെണ്‍കുട്ടിയുടെ ഓഡിയോസന്ദേശം പുറത്തുവന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ പെരിയപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഗ്ഗുണ്ടി സ്വദേശി സുരേഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. 17 വയസ്സുള്ള മകള്‍ ശാലിനിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ശാലിനി കൊലചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട വൊക്കലിഗ സമുദായത്തില്‍പ്പെട്ട ശാലിനി രണ്ടാം വര്‍ഷ പി.യു.സിക്ക് പഠിക്കുമ്പോഴാണ് മെല്ലഹള്ളി സ്വദേശിയായ മഞ്ജുനാഥ് എന്ന  ദളിത് യുവാവുമായി പ്രണയത്തിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ദളിത് യുവാവിനെതിരെ പരാതി നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ ശാലിനി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി. മാതാപിതാക്കളോടൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തു.
ഇതോടെ പൊലീസ് പെണ്‍കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. ഇതിനിടെ മകളെ ദളിത് യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ ഉപദ്രവിക്കില്ലെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കാമെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും രക്ഷിതാക്കള്‍ രേഖാമൂലം മൊഴി നല്‍കി. ഇതോടെ ഒബ്സര്‍വേഷനില്‍ നിന്നും ശാലിനിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. പിന്നീടാണ് കൊലപാതകം നടന്നത്.

മകളെ കൊലപ്പെടുത്തിയ ശേഷം സുരേഷ് നേരെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. താന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സുരേഷിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മരിക്കുന്നതിന് മുമ്പ് ശാലിനി മാതാപിതാക്കള്‍ക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചു. താന്‍ മരിച്ചാല്‍ മാതാപിതാക്കളാണ് ഉത്തരവാദികളെന്ന് ശാലിനി ഓഡിയോയില്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യാനും പൊലീസില്‍ സമര്‍പ്പിക്കാനും ശാലിനി കാമുകനോട് ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

“എനിക്ക് സ്വതന്ത്രമായ ജീവിതം നയിക്കാമെന്നും എനിക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാമെന്നും അവര്‍ എന്നെ ശല്യപ്പെടുത്തില്ലെന്നും മാതാപിതാക്കള്‍ രേഖാമൂലം ഒബ്സര്‍വേഷന്‍ ഹോം അധികൃതര്‍ക്ക് എഴുതി നല്‍കിയിരുന്നു. ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിക്കാന്‍ അവര്‍ എന്നെ അനുവദിച്ചു. ദയവായി എന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യുക. എനിക്ക് സുഖമില്ല. ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തോന്നുന്നു. എന്നെ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ ഈ ഓഡിയോ ക്ലിപ്പ് പെരിയപട്ടണ പൊലീസിനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുക. എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് ഉത്തരവാദികള്‍…”
ഇത്രയും കാര്യങ്ങളാണ് ഓഡിയോക്ലിപ്പിലുള്ളത്. ശാലിനിയുടെ അമ്മ ബേബിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നും തനിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ മൂന്ന് വ്യാജ പരാതികള്‍ നല്‍കിയെന്നും കാണിച്ച് ദളിത് യുവാവ് മഞ്ജുനാഥ് പൊലീസില്‍ പരാതി നല്‍കി.
താന്‍ മരിച്ചാല്‍ മഞ്ജുനാഥ് ഉത്തരവാദിയാകില്ലെന്ന് കാണിച്ച് ശാലിനി എഴുതിയ കത്ത് ലഭിച്ചതായി പൊലീസ് അറിയിച്ചു.
“ഞാന്‍ ജാതി വിവേചനത്തിന്റെ ഇരയായി. ഞാന്‍ ഒരു ദളിത് യുവാവുമായി പ്രണയത്തിലായി, അച്ഛന്‍ എന്നെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കള്‍ മകളേക്കാള്‍ ജാതിയെ സ്നേഹിക്കുന്നു…”
ശാലിനിയുടെ കത്തില്‍ പറയുന്നു.

Back to top button
error: