LIFEMovie

ബോളിവുഡ് താരം ദീപികയ്ക്ക് ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന് സിനിമാ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതായി റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് വിവരം. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് വിട്ടയച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം.

പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികയ്‌ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ഷാരൂഖ് ഖാന്റെ പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താന്‍’. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ ചിത്രമെത്തും.

ദീപിക പദുക്കോണ്‍ നായികയാകുന്ന, സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ ചിത്രമായ ‘ഫൈറ്ററും’ അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകന്‍. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ‘ഫൈറ്റര്‍’ എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Back to top button
error: